ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പുപറയണം : കെ.സുധാകരൻ
തലശ്ശേരി :ബിജെപിയുടെ സവർണ്ണ മേധാവിത്വമാണ് അംബേദ്കറെ അപമാനിക്കുന്നതിലൂടെ പുറത്തുവന്നിട്ടുള്ളതെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. രാജ്യത്തിന്ഒരു ഭരണഘടന സംഭവന ചെയ്തത് അംബേദ്കറാണ്. രാജ്യത്തെ പിന്നോക്കക്കാർക്ക് സമൂഹത്തിൽ സന്തുലിതാവസ്ഥ ഉണ്ടാക്കിക്കൊടുത്തത് അദ്ദേഹത്തിന്റെ ശ്രമഫലമാണ്.ഇനിയുള്ള എല്ലാവർഷങ്ങളിലും രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനുള്ള ദിനമായി മാറ്റും. ഈ സന്ദർഭത്തിൽ അതിന്റെ പ്രതിജ്ഞ യെടുക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.രാഹുൽ ഗാന്ധിയെ പാർലമെന്റിന് അകത്തോ പുറത്തോ അപമാനിക്കാൻ ശ്രമിച്ചാൽ ഈ രാജ്യത്തെ ഓരോ കോൺഗ്രസ്സുകാരനും സടകുടഞ്ഞെഴുന്നേൽക്കുമെന്നും കെ. സുധാകരൻ ഓർമ്മപ്പെടുത്തി.
അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പുപറയുക, രാഹുല്‍ ഗാന്ധിക്കെതിരായ കള്ളക്കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ തലശ്ശേരി ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ .സുധാകരൻ .
കോൺഗ്രസ് ഓഫീസ് എൽ.എസ് പ്രഭു മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് അമിത്ഷായുടെപ്രതീകാത്മക കോലം കത്തിച്ചു. ഡിസിസി പ്രസി. അഡ്വ.മാർട്ടിൻ ജോർജ് അധ്യക്ഷനായി. വി എ നാരായണൻ, അഡ്വ. പി എം നിയാസ്, സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, കെ.പി. സാജു, കെ.ഷുഹൈബ്, സുദീപ് ജെയിംസ് എന്നിവർ നേതൃത്തം നൽകി