ഐഎഫ്എഫ്കെയ്ക്ക് കൊടിയിറക്കം, പുരസ്കാരങ്ങൾ വാരിക്കൂട്ടി ഫെമിനിച്ചി ഫാത്തിമ, സുവര്‍ണചകോരം’മലു’വിന്

0

 

തിരുവനന്തപുരം :തലസ്ഥാനനഗരിയിൽ കഴിഞ്ഞ ഏട്ട് ദിവസങ്ങളിലായി നടന്നിരുന്ന സിനിമയുടെ ഉത്സവമായ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. വെള്ളിയാഴ്ച വൈകുന്നേരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന സമാപനചടങ്ങിൽ മുഖ്യമന്ത്രി മുഖ്യാതിഥി ആയിരുന്നു.പ്രതിനിധികളുടെ അഭൂതപൂർവമായ പങ്കാളിത്തവും സഹകരണവും മേളയെ വിജയമാക്കിമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ചിത്രത്തിനുള്ള പീപ്പിൾസ് അവാർഡ് ഫാസിൽ മുഹമ്മദിന്റെ മലയാള ചിത്രമായ ‘ഫെമിനിച്ചി ഫാത്തിമ’യ്ക്ക് ലഭിച്ചു. മതപരമായ യാഥാസ്ഥിതികത, പുരുഷാധിപത്യം എന്നിവയെ കുറിച്ചെല്ലാം സറ്റയറിലൂടെ പറഞ്ഞ് പോകുന്ന സിനിമ വിവിധ വിഭാഗങ്ങളിലായി അ‍ഞ്ച് അവാർഡുകൾ നേടി. ഈസ്റ്റ് ഓഫ് നൂൺ, മലു, റിഥം ഓഫ് ധമ്മാം, ദ ഹൈപ്പർബോറിയൻസ്, ദ അദർസൈഡ് തുടങ്ങിയ ചിത്രങ്ങളുമായി മത്സരിച്ചാണ് ഫെമിനിച്ചി ഫാത്തിമ ജനപ്രിയ ചിത്രമായി മാറിയത്. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ് ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും ലഭിച്ചു.മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഹര്‍ഷാദ് ഷാഷ്മിയാണ് മികച്ച സംവിധായകന്‍. ചിത്രം മി മറിയം: ദി ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്‌സ്. ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം അപ്പുറം എന്ന സിനിമയിലൂടെ ഇന്ദു ലക്ഷ്മി നേടി. 15 തിയേറ്ററുകളിലായി നടന്ന മേളയില്‍ 13000ത്തോളം ഡെലിഗേറ്റുകള്‍ ഇത്തവണ പങ്കെടുത്തു. വിദേശത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ 238 ചലച്ചിത്രപ്രവര്‍ത്തകരും ഇത്തവണ ഐഎഫ്എഫ്കെയിൽ അതിഥികളായി പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *