” ചെന്നിത്തല യോഗ്യൻ -വി.ഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആൾ ” : വെള്ളാപ്പള്ളി
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം, രമേശ് ചെന്നിത്തലയെ പിന്തുണച്ചുകൊണ്ടും വെള്ളാപ്പള്ളി നടേശന്‍ സംസാരിച്ചു.രമേശ് ചെന്നിത്തല ജനങ്ങളുടെ വെറുപ്പ് മേടിക്കുന്ന നേതാവല്ല, ജനം ഇഷ്ടപ്പെടുന്ന നേതാവ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാനാണ് രമേശ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപിയും രമേശ് ചെന്നിത്തലയും തമ്മില്‍ കടലും കടലാടിയും പോലുളള ബന്ധമാണ്. രമേശിന്റെ പെരുമാറ്റമോ പറച്ചിലോ ജനങ്ങളെ വെറുപ്പിക്കുന്നില്ലെന്നും ഇരുത്തംവന്ന രാഷ്ട്രീയ നേതാവ് എന്നനിലയില്‍ രമേശിനെ ജനം ഇഷ്ടപ്പെടുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.രമേശ് ചെന്നിത്തല എന്‍എസ്എസുമായി അകന്നു നില്‍ക്കാന്‍ പാടില്ല. പിണക്കങ്ങള്‍ തീര്‍ത്ത് ഇണങ്ങിപ്പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും നല്ലതെന്നും പ്രതിപക്ഷനേതാവ് പക്വത ഇല്ലാതെ, നാക്കുകൊണ്ട് വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.