മരണപ്പെട്ട 17 കാരിയുടെ ഗർഭസ്ഥശിശുവിന്‍റെ പിതാവ് സഹപാഠിയാണെന്ന് ഉറപ്പിച്ചു
പത്തനംതിട്ട: മരണമടഞ്ഞ പ്ലസ്‌ടു വിദ്യാർഥിനിയായ 17 കാരിയുടെ ഗർഭസ്ഥശിശുവിന്‍റെ പിതാവ് സഹപാഠി തന്നെയെന്ന് ഡിഎൻഎ ഫലം. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ അഖിലിനെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
നവംബർ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്‌ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്‌തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
18 വയസു ആറുമാസവുമാണ് അഖിലിന്റെ പ്രായമെന്ന് പൊലീസ് പറഞ്ഞു.പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18 കാരൻ വെളിപ്പെടുത്തി. പ്രതിക്ക് പ്രായപൂർത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.