ചീഫ് സെക്രട്ടറിക്കും അഡീ. ചീഫ് സെക്രട്ടറിക്കും എന്‍ പ്രശാന്തിന്‍റെ വക്കീല്‍ നോട്ടിസ്
തിരുവനന്തപുരം: തനിക്കെതിരെ വ്യാജ രേഖ ചമയ്ക്കുകയും ക്രിമനല്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തു എന്നാരോപിച്ച് സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്‍റെ വക്കീല്‍ നോട്ടിസ് . സംസ്ഥാന സിവില്‍ സര്‍വീസിൻ്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്.
വ്യവസായ വകുപ്പ് ഡയറക്‌ടര്‍ കെ ഗോപാലകൃഷ്‌ണന്‍ ഒന്നാം എതിര്‍ കക്ഷിയും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് രണ്ടാം എതിര്‍ കക്ഷിയും മാതൃഭൂമി ദിനപത്രം മൂന്നാം എതിര്‍ കക്ഷിയും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നാലാം എതിര്‍ കക്ഷിയുമാണ്. നാല് കക്ഷികളും പരസ്യമായി മാപ്പ് പറയുകയും ഗോപാലകൃഷ്‌ണനും ജയതിലകും ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും വേണമെന്നാണ് നോട്ടീസിലെ ആവശ്യം.
സര്‍ക്കാര്‍ സ്ഥാപനമായ ഉന്നതിയുടെ ആദ്യ സിഇഒ ആയിരിക്കേ ഫയലുകള്‍ ഒളിപ്പിച്ചുവച്ചുവെന്നും ഹാജര്‍ ബുക്കില്‍ കൃത്രിമം കാണിച്ചുവെന്നും തനിക്കെതിരെ ജയതിലക് ഏകപക്ഷീയമായ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും വക്കീല്‍ നോട്ടിസില്‍ ആരോപിക്കുന്നു.
സര്‍ക്കാരിന്‍റെ അംഗീകാരത്തോടു കൂടിയോ റിക്കോര്‍ഡുകളുടെ പിന്‍ബലമോ ഇല്ലാതെയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നും നോട്ടിസില്‍ പറയുന്നു. രണ്ട് സുപ്രധാന കത്തുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ജയതിലക് തയ്യാറാക്കിയതെന്ന് അവകാശപ്പെട്ടിരുന്നതെങ്കിലും ഈ കത്തുകള്‍ അദ്ദേഹം കൃത്രിമമായി സൃഷ്‌ടിച്ചതാണ് എന്നും പ്രശാന്ത് ആരോപിക്കുന്നു. ഇതിന് പിന്നില്‍ ഗോപാലകൃഷ്‌ണനും ജയതിലകുമാണെന്ന ആരോപണവും നോട്ടിസിലുണ്ട്.
ഈ കത്ത് സംബന്ധിച്ച വിവരങ്ങള്‍ 2024 നവംബര്‍ 14 ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ല. മാത്രമല്ല, ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ജയതിലകിനും ഗോപാലകൃഷ്‌ണനും അവസരം നല്‍കുകയാണുണ്ടായതെന്നും പ്രശാന്ത് ആരോപിക്കുന്നു.ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിലും ക്രിമിനില്‍ ഗൂഢാലോചനയിലും മാതൃഭൂമി ദിനപത്രത്തിന് പങ്കുണ്ടെന്ന് നോട്ടിസില്‍ പറയുന്നു. തന്‍റെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ തുടര്‍ന്നുള്ള നിയമ നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും നോട്ടിസില്‍ പ്രശാന്ത് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപനമായ ഉന്നതിയുടെ സിഇഒ സ്ഥാനത്ത് നിന്ന് സ്ഥലം മാറിയതിന് ശേഷം പുതുതായി ചുമതലയേറ്റ സിഇഒ ഗോപാലകൃഷ്‌ണന് പ്രശാന്ത് ഫയലുകള്‍ കൈമാറിയില്ലെന്നും ഹാജര്‍ രേഖകളില്‍ കൃത്രിമം കാട്ടിയെന്നും ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലക് രംഗത്ത് വന്നത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.തുടര്‍ന്ന് പ്രശാന്ത് ഒരു വശത്തും ജയതിലകും ഗോപാലകൃഷ്‌ണനും മറുവശത്തുമായി പോര് ആരംഭിച്ചു. സംഭവം ആദ്യമായി വാര്‍ത്തയാക്കിയത് മാതൃഭൂമി ദിനപത്രമാണ്. ഇതോടെ തന്‍റെ ഫേസ്‌ബുക്കിലൂടെ ജയതിലകിനെയും ഗോപാലകൃഷ്‌ണനെയും മാതൃഭൂമിയെയും കടന്നാക്രമിച്ച് പ്രശാന്ത് രംഗത്ത് വന്നു.
സീനിയര്‍ ഉദ്യോഗസ്ഥനെ പരസ്യമായി അധിക്ഷേപിച്ചതിന്‍റെ പേരില്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. പ്രശാന്ത് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. അതേസമയം സംസ്ഥാന സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു കീഴുദ്യോഗസ്ഥന്‍ തന്‍റെ മേലുദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് വരുന്നതെന്ന് മുതിര്‍ന്ന സിവില്‍ സര്‍വീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.