കുമളിയില്‍ അഞ്ചു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : പിതാവിനും രണ്ടാനമ്മയ്ക്കും തടവ്
ഇടുക്കി: ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
പിതാവ് ഷെരീഫിന് 9 വർഷം തടവും അമ്പതിനായിരം രൂപ പിഴയും അലീഷയ്ക്ക് 15വർഷംതടവും ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു.രണ്ടുലക്ഷം രൂപ അലീഷ പിഴയടക്കണം .ഇല്ലെങ്കിൽ ഒരു വർഷം അധിക തടവ്.ജെജെ (Juvenile Justice Act )ആക്റ്റ് പ്രകാരമുള്ള ശിക്ഷ വേറെ അനുഭവിക്കണം.
പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ടും അതിക്രൂരമായി മര്‍ദിച്ചും നാലരവയസുണ്ടായിരുന്ന കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധിവരുന്നത്.പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
“എന്റെ കൊച്ചിന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ” ഷഫീഖിനെ പരിചരിക്കുന്ന രാഗിണി പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘എന്തൊക്കെ ശിക്ഷകൾ കിട്ടിയാലും എന്റെ കൊച്ചിന് മാറ്റം വരില്ല. എന്റെ കൊച്ചിന്റെ അടുത്ത് ഇങ്ങനെ തന്നെയായിരിക്കും എന്റെ ജീവിതം. ചികിത്സ സമയത്തൊക്കെ, എക്സസൈസ് സമയത്തൊക്കെ എന്റെ പൊന്ന് വേദന കൊണ്ട് കാറിക്കരയും. ഇപ്പോ മിടുക്കനാ. അൽഅസ്ഹർ മാനേജ്മെന്റിനും ബഹുമാനപ്പെട്ട കോടതിക്കും നിയമത്തിനും പൊതുജനങ്ങൾക്കും ഷഫീഖിന്റെ പേരിൽ ഞാൻ നന്ദി പറയുന്നു. എനിക്ക് വർഷമേതാ, ദിവസമേതാ മഴയേതാ, വെയിലേതാ എന്ന് തിരിച്ചറിയാൻ പോലും പറ്റണില്ല. എന്റെ ലോകം, എന്റെ സ്വർഗം എന്റെ ഷഫീക്കാണ് .തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ഇവനെ ഇങ്ങനെ ആക്കിയെടുക്കാൻ എന്റെ കൂടെ നിന്നത് അൽഅസ്ഹർ മാനേജ്മെന്റാണ്.’ രാഗിണിപറഞ്ഞു .