ചക്കുളത്തുകാവിൽ നാരീപൂജ ഇന്ന്
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ നാരീപൂജ ഇന്ന് നടക്കും. സ്ത്രീകളെ ദേവിയായി ആരാധിച്ച് പാദപൂജ നടത്തുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ പ്രധാന ക്ഷേത്രമാണ് ചക്കുളത്തുകാവ്. സ്ത്രീകൾ എവിടെ ആദരിക്കപ്പെടുന്നോ അവിടെ ലക്ഷ്മി കടാക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ജാതി-മത പ്രായവ്യത്യാസമില്ലാതെ ചടങ്ങിൽ പങ്കെടുക്കാൻ നിരവിധി ഭക്തരാണ് സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നും ആണ്ടുതോറും ക്ഷേത്രത്തിൽ എത്തുന്നത്.
പ്രസിദ്ധമായ ഈ ചടങ്ങ് ഇന്ന് രാവിലെ 9 ന് ക്ഷേത്ര തിരുസന്നിധിയിൽ നടക്കും. ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന നാരീപൂജയിൽ വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ റാണി മോഹൻദാസിൻ്റെ പാദം കഴുകി മുഖ്യ കാര്യദർശി സദ്ഗുരു രാധാക്യഷ്ണൻ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്യും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
നാരീപൂജയ്ക്ക് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജനപ്രതിനിധികൾ, സാമുദായിക- സാമൂഹിക- സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. മീഡിയ കോഡിനേറ്റർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ, ബിനു കെ.എസ് എന്നിവർ ചടങ്ങിന് നേത്യത്വം നൽകും.
ബ്രഹ്മശ്രീ രമേശ് ഇളമൺ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മൂന്ന് ദിവസമായി നടന്നുവന്ന സർവ്വെശ്വര്യ സ്വസ്തിയഞ്ജം ഇന്നലെ സമാപിച്ചു. യഞ്ജത്തിൽ നിരവധി ഭക്തർ പങ്കെടുത്തു. ചടങ്ങുകൾക്ക് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരാണ് നേതൃത്വം വഹിച്ചത്.