പതിമൂന്നാം മലയാളോത്സവം – കേന്ദ്ര കലോത്സവത്തിനു ഇനി മൂന്നുനാൾ
ആബാലവൃദ്ധകേരളീയരും മത്സരിച്ചാഘോഷിക്കുന്ന മലയാളത്തിൻ്റെ മറുനാടൻ ഉത്സവം!
മുംബൈ :മേഖലാ കലോത്സവങ്ങള്‍ക്ക് ശേഷം, മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാം മലയാളോത്സവത്തിന്റെ കേന്ദ്രകലോത്സവം ഡിസംബര്‍ 22, ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഡോംബിവലി കമ്പല്‍ പാടയിലെ മോഡല്‍ കോളേജില്‍ വച്ച് പ്രൌഢഗംഭീരമായ വേദികളില്‍ നടക്കുന്നതാണ്. മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് കേന്ദ്രതല ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരക്കുന്നത്. കേന്ദ്ര കലോത്സവത്തില്‍ കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും ഖോപ്പോളി വരെയുമുള്ള 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വയസുള്ള കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആയിരത്തോളം പേരാണ് 23 ഇനം ഭാഷാ സാഹിത്യ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
കഥ പറച്ചിൽ, നാടോടി നൃത്തം, മോഹിനിയാട്ടം, ലളിതഗാനം, സിനിമാഗാനം, നാടകഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കഥാപ്രസംഗം, വായന, പ്രസംഗം, കയ്യെഴുത്ത്, ചിത്രരചന, ക്വിസ് തുടങ്ങിയ ഒറ്റ (Solo) മത്സരങ്ങളും സംഘനൃത്തം, ഒപ്പന, മാർഗ്ഗം കളി, നാടൻ പാട്ട്, കരോൾ പാട്ട്, ആംഗ്യപ്പാട്, ദൃശ്യാവിഷ്കാരം, ലഘു നാടകം തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുളത്. ഓരോ മത്സരവും പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിന്‍റെ മഹത്തായ സംസ്കാരത്തനിമയെ മുംബൈ മലയാളികളുടെ പുതു തലമുറയിലേക്കെത്തിക്കുന്നതിനും തനത് കലാരൂപങ്ങള്‍ പരിശീലിക്കാന്‍ അവരെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് മലയാള ഭാഷാ പ്രചാരണ സംഘം 2012 ല്‍ ‘മലയാളോത്സവ’ത്തിന് നാന്ദി കുറിച്ചത്. 2012 മുതല്‍ എല്ലാ വർഷവും മുംബൈ മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കലോത്സവമാണ് ഇന്ന് മലയാളോത്സവം!
മുംബൈ മലയാളികളുടെ ‘സര്‍ഗ്ഗോത്സവം ‘എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളോത്സവം നമ്മുടെ സംസ്കാരത്തിന്റെ വ്യത്യസ്തമായ ധാരകളെ സര്‍ഗ്ഗാത്മകമായി സംയോജിപ്പിക്കുന്ന ഒരു ഉത്സവമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ പതിമൂന്നു പതിപ്പുകളും ഇതിനു ദൃഷ്ടാന്തമാണ്. എല്ലാ മേഖലകളിലും മലയാളോത്സവ വേദികൾക്ക് ലഭിക്കുന്ന ജനപിന്തുണയും സഹകരണവും പങ്കാളിത്തവും സംഘാടകര്‍ക്ക് വലിയൊരു പ്രചോദനം തന്നെയാണ്. മത്സരാര്‍ത്ഥികള്‍ കാണിക്കുന്ന ആവേശവും അര്‍പ്പണബോധവും നിസ്തുലമാണ്.
കേന്ദ്ര കലോത്സവത്തില്‍ 10 വേദികളിലായി 600 ഓളം സോളോ മത്സരങ്ങളും 100 ലേറെ സംഘമത്സരങ്ങളും ഉണ്ടായിരിക്കും. അതീവ ഹൃദ്യവും വര്‍ണ്ണശബളവുമായ ഈ മത്സരങ്ങള്‍ക്ക് മൂവായിരത്തിലേറെ പേര്‍ ദൃക്സാക്ഷികളാകും എന്നാണ് കണക്കുകൂട്ടുന്നത്. ഡിസംബര്‍ 22 ന് നടക്കുന്ന കേന്ദ്ര കലോത്സവത്തിലും സഹൃദയരും ഭാഷാ സ്നേഹികളുമായ എല്ലാ മലയാളികളുടെയും ആത്മാര്‍ഥമായ സഹകരണവും സജീവമായ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
റീന സന്തോഷ് ( പ്രസിഡന്റ് -മലയാളഭാഷാ പ്രചാരണസംഘം) രാജൻ നായർ -(ജനറൽ സെക്രട്ടറി)
മലയാളോത്സവം കൺവീനർമാരായ അനിൽപ്രകാശ് ,പ്രദീപ്‌കുമാർ തുടങ്ങിയവരാണ് സംഘാടനത്തിന് നേതൃത്തം നൽകുന്നത്.