ഇന്ന് കുചേല ദിനം

0

 

കുചേലന് സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്.

ശ്രീകൃഷ്ണന്റെ സതീര്‍ത്ഥ്യനായ സുദാമാവ് ദാരിദ്ര്യശമനത്തിനായി അവില്‍ പൊതിയുമായി ദ്വാരകയില്‍ ശ്രീകൃഷ്ണനെ കാണാനെത്തിയതിന്റെ സ്മരണക്കാണ് കുചേല ദിനം ആചരിക്കുന്നത്. സാന്ദീപനി മുനിയുടെ ഗുരുകുലത്തില്‍ ഒരുമിച്ചാണ് അവര്‍ വിദ്യ അഭ്യസിച്ചിരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ശ്രീകൃഷ്ണന്‍ ദ്വാരകയിലേക്കും കുചേലന്‍ തന്റെ ദരിദ്ര ഗൃഹത്തിലേക്കും പോയിരുന്നു. ഭിക്ഷയാചിച്ച് കുടുംബം പുലര്‍ത്തിയിരുന്ന പൂര്‍വ്വികരുടെ അതേ വഴിതന്നെ കുചേലനും പിന്തുടര്‍ന്നു.

കാലാന്തരത്തില്‍ വിവാഹിതനാകുകയും സന്താനങ്ങളോടൊപ്പം കടുത്ത ദാരിദ്ര്യത്തില്‍കഴിഞ്ഞുപോകുകയുമായിരുന്നു. ദാരിദ്ര്യത്തിന്റെ അവശത അതിന്റെ കൊടുമുടിയിലെത്തി നില്‍ക്കുന്ന അവസരത്തില്‍ ഒരുനാള്‍ ഭിക്ഷാടനം കഴിഞ്ഞ് ക്ഷീണിതനായി വന്ന് കുടിലില്‍ വിശ്രമിക്കുമ്പോള്‍ തന്റെ പത്‌നിയോട് ശ്രീകൃഷ്ണനെപ്പറ്റി പറഞ്ഞു. അപ്പോള്‍ മാത്രമല്ല പല അവസരങ്ങളിലും ശ്രീകൃഷ്ണ ലീലകള്‍ കുചേലന്‍ ഭാര്യയോട് വിവരിക്കാറുണ്ടായിരുന്നു.

‘ഞാന്‍ പറയുന്നത് അവിവേകമാണെങ്കില്‍ ക്ഷമിക്കണം. അങ്ങയുടെ സതീര്‍ത്ഥ്യനാണല്ലൊ കൃഷ്ണന്‍. പലപ്പോഴും അദ്ദേഹത്തിന്റെ ലീലാവിലാസങ്ങളും കുസൃതികളും മായപ്രകടനവുമൊക്കെ അങ്ങ് വിവരിച്ചിട്ടുണ്ടല്ലോ. നമ്മുടെയീ ദാരിദ്ര്യത്തിന് ഒരറുതി വരുത്താന്‍ ഒന്നുപോയി കണ്ടുകൂടെ കൃഷ്ണനെ.’
‘അദ്ദേഹത്തെ നമ്മുടെ ദാരിദ്ര്യം പറഞ്ഞ് കേള്‍പ്പിച്ച് ആ മനസുകൂടി വേദനിപ്പിക്കേണ്ടതുണ്ടോ. നമ്മുടെ ദാരിദ്ര്യം നമ്മുടെ വിധിയാണ്. ഞാന്‍ പോകില്ല, ഇതിനായിട്ട്. മാത്രമല്ല, ഈയുളളവനെ തിരിച്ചറിയുമോ എന്നും സംശയമാണ്.’
‘നമ്മുടെ കാര്യം പോട്ടെ, കുട്ടികള്‍ പട്ടിണി കിടന്ന്മരണാവസ്ഥയിലേക്കെത്തിയിരിക്കുന്നു. അങ്ങ് പോയി കാണൂ. നമ്മുടെ കൊടും ദാരിദ്ര്യത്തിന്റെ വിവരമെല്ലാം കൃഷ്ണനെ ധരിപ്പിക്കൂ.’ അത് ….. പോകുന്നത് ശരിയാകുമോ? മറ്റൊരാളോട് നമ്മുടെ ജീവിത പരാജയം പറയുക…ശരിയാകുമോ.’
‘അതില്‍ തെറ്റൊന്നുമില്ല. മറ്റാരോടുമല്ലല്ലോ, തന്റെ സതീര്‍ത്ഥ്യനോടല്ലെ. അവിടുന്ന് പോകുകതന്നെ വേണം.’ ഭാര്യയുടെ നിര്‍ബന്ധത്താല്‍ തന്റെ കഷ്ടതകള്‍ക്ക് ഒരു അവസാനമുണ്ടാകുവാന്‍ എന്തെങ്കിലും പരിഹാര മാര്‍ഗ്ഗമുണ്ടാകുമെന്നു കരുതി മനസ്സില്ലാമനസ്സോടെ കുചേലന്‍ ദ്വാരകയിലേക്ക് യാത്രയായി.

ഭിക്ഷ യാചിച്ചു ലഭിച്ച കല്ലുംമണ്ണും നെല്ലുമടങ്ങിയ അവില്‍ ഒരു തുണി ക്കിഴിയായി കയ്യില്‍ കരുതിയിരുന്നു. കൃഷ്ണന്റെ സ്വഭാവം നന്നായറിയാമല്ലോ കുചേലന്. കാണുമ്പോള്‍ തന്നെ ”എനിക്കെന്താ കൊണ്ടുവന്നെ” എന്ന് തിരക്കും.ഇതല്ലാതെ മറ്റൊന്നുമില്ലതാനും.
ഏതായാലും കഴിയുന്നതും കൊടുക്കാതിരിക്കാമെന്നു തന്നെ ചിന്തിച്ചാണ് അവില്‍ പൊതിയെടുത്തത്.
ദ്വാരകയിലെത്തിയ കുചേലനെ കണ്ട് ദ്വാരകാനിവാസികള്‍ കളിയാക്കി.
‘ഹേ, ദരിദ്ര നാരായണ, നീ ഏതു ദേശക്കാരനാണ്? നിന്റെ വേഷഭൂഷാദികള്‍ ഞങ്ങള്‍ക്ക് ലജ്ജ ജനിപ്പിക്കുന്നു. നീ എന്തിനീ ദ്വാരകയില്‍ വന്നു.’

പരിഹാസം കേട്ടു മുന്നോട്ടു നടന്നപ്പോള്‍ കൃഷ്ണന്റെ കൊട്ടാരം കണ്ട് കുചേലന്‍ തിരികെ പോകാനൊരുങ്ങുമ്പോള്‍ വിവരമറിഞ്ഞ് കൃഷ്ണന്‍ വഴിയില്‍ പോയി കുചേലനെ ആദരിച്ച് കൂട്ടിക്കൊണ്ടു വന്നു. എല്ലാവിധ ആതിഥ്യമര്യാദയും നല്‍കി കൃഷ്ണന്‍ സഹപാഠിയായ കുചേലനെ ആദരിച്ചു.കുശലസംഭാഷണത്തിനിടയില്‍ കുചേലന്‍ മറച്ചുപിടിച്ചിരുന്ന അവില്‍പ്പൊതി ശ്രീകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുകയും അത് നിര്‍ബന്ധപൂര്‍വ്വം വാങ്ങി ഒരു പിടി കഴിക്കുകയും വീണ്ടും ഭക്ഷിക്കാനായി തുനിഞ്ഞപ്പോള്‍ രുഗ്മിണി തടഞ്ഞു. ആദ്യത്തെ പ്രാവിശ്യം ഭക്ഷിച്ചപ്പോള്‍ തന്നെ കുചേലന് വേണ്ടുന്ന സഹായം ലഭിച്ചു കഴിഞ്ഞിരുന്നു. വീണ്ടും ഭക്ഷിച്ചാല്‍ സാക്ഷാല്‍ മഹാലക്ഷ്മി കുചേലന്റെ വീട്ടിലെത്തും.ഇതറിയാവുന്ന രുഗ്മിണികൃഷ്ണനെതടയുകയായിരുന്നു.
കുചേലന്‍ കുശലവും വിശേഷങ്ങളും പറയുകയും ചോദിക്കുകയുമല്ലാതെ ഒരു സഹായവും ചോദിച്ചില്ല. വൈമനസ്യം കാരണവും, വന്നതെന്തിനാണെന്നുളളത് മറന്നുപോയതിനാലുംകൃഷ്ണനോടൊപ്പം കഥകളും കാര്യവും പറഞ്ഞ് അവിടെ ഒരു ദിവസം താമസിച്ച് പിറ്റേന്ന് തിരിച്ച് തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. നടന്നുനടന്ന് വീട്ടിനടുത്ത് എത്തിയപ്പോള്‍ അത്ഭുതപ്പെട്ടു പോയി. തന്റെ കുടില്‍ കാണുന്നില്ല. അവിടെ ദ്വാരകാപുരിയിലെ കൊട്ടാരം നില്‍ക്കുന്നതായി കണ്ടു. ”താന്‍ വഴിതെറ്റി വീണ്ടും ദ്വാരകയില്‍ തന്നെ എത്തിച്ചേര്‍ന്നോ.”

അമ്പരന്ന് കൊട്ടാര മുറ്റത്തുതന്നെ നിന്ന കുചേലനെ ഭാര്യ കണ്ടു. അവര്‍ ഓടിച്ചെന്ന് കുചേലനെ കൈക്കുപിടിച്ച് കൂട്ടിക്കൊണ്ടു പോയി. വീട്ടില്‍ എല്ലാ സൗകര്യങ്ങളും വന്നുവെന്നും ദാരിദ്ര്യം മാറിയെന്നും കുചേലന്‍ മനസ്സിലാക്കി. പിന്നീടുള്ള കാലം അവര്‍ സുഖമായി ജീവിച്ചു.ഇതാണ് കുചേല ദിനം ആചരിക്കുവാനുളള കഥാസാരമായി ഭാഗവതത്തില്‍ കാണുന്നത്. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും ഈ ദിവസം ഭക്തജനങ്ങള്‍ അവില്‍ സമര്‍പ്പിക്കയാണ് പ്രധാന ചടങ്ങ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം നിവേദിച്ച അവില്‍ പ്രസാദമായി കൊടുക്കുന്നതും കണ്ടുവരുന്നു. ഗുരുവായൂര്‍, തൃശ്ശൂരിലെ തിരുവമ്പാടി, കൊല്ലം തേവലക്കര തെക്കന്‍ ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ വിശേഷമായ ചില ചടങ്ങുകളുമുണ്ട്. സുഹൃദ് ബന്ധത്തിന്റെ ആഴവും പരപ്പും നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് കുചേല ദിനം ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *