ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി.
ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്.
വെള്ളിയാഴ്ച ഡിജിപിക്ക് വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക.ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക അതേപടി യൂട്യൂബ് ചാനലില്‍ വന്നെന്നാണ് കണ്ടെത്തല്‍. പരീക്ഷയുടെ തലേദിവസം യൂട്യൂബ് ചാനലില്‍ വന്ന ചോദ്യങ്ങളുടെ മാതൃക നിരവധി വിദ്യാര്‍ഥികളാണ് കണ്ടത്. ഈ മാതൃക ആരോ ചോര്‍ത്തി നല്‍കിയതാണ് എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമാനിക്കുന്നു.
ഇത് ആര് നടത്തിയെന്നും ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനയും കുറ്റക്കാരെയും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഈ പരാതിയിന്മേല്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. നിലവില്‍ താമരശേരിയില്‍ അടക്കം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ വിവരങ്ങളെല്ലാം ക്രോഡീകരിച്ചായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം.ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും രസ്യ പ്രതികരണത്തിനില്ലെന്നും എം എസ് സൊല്യൂഷൻ സിഇഒ ഷുഹൈബ് വ്യക്തമാക്കിയിരുന്നു.
എന്നാൽ എംഎസ് സൊല്യൂഷൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി, അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും ഇന്നത്തെ യോഗത്തിൽ പറഞ്ഞിട്ടുണ്ട്.സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമേ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.