ചോദ്യ പേപ്പര്‍ ചോര്‍ച്ച : എംഎസ് സൊലൂഷൻസ് യൂട്യൂബ് നിര്‍ത്തി
കോഴിക്കോട്: കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവർത്തനം താത്‌കാലികമായി നിർത്തി. ചോദ്യപേപ്പർ ചോർച്ച യുമായി ബന്ധപ്പെട്ട് ചാനലിനെതിരെ ആരോപണങ്ങൾ ഉയർന്നുവരികയും അന്വേഷണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇനി സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ലെന്ന് എംഎസ് സൊലൂഷൻസ് സ്ഥാപകനും സിഇഒയുമായ ഷുഹൈബ് അറിയിച്ചു.
ഡിപ്പാർട്ട്മെൻ്റിൽ നിന്ന് വിളിച്ചിരുന്നു. മൊഴി കൊടുത്തു. തുടർ നടപടികൾ അറിയിക്കാമെന്ന് അവർ പറഞ്ഞു. ഞങ്ങളുടെ ഭാഗത്ത് നിന്ന് നിയമനടപടികൾ പിന്തുടരുന്നുണ്ടെന്നും ഷുഹൈബ് പറഞ്ഞു.
അതേസമയം, ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. പൊതുവിദ്യാഭ്യാസ ഡയറക്‌ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ക്രിസ്‌മസ് പരീക്ഷയ്‌ക്ക് മുന്‍പ് എസ്എസ്എല്‍സി ഇംഗ്ലീഷ്, പ്ലസ്‌വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യ പേപ്പറുകളായിരുന്നു യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നത്. ചാനലിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗുരുതരമായ പ്രശ്‌നമാണ് ഉണ്ടായത്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
“പരീക്ഷ നടത്തിപ്പില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല. രണ്ട് സെറ്റ് ചോദ്യപേപ്പറായിരുന്നു തയ്യാറാക്കിയിരുന്നത്. ചോദ്യപ്പേര്‍ വിതരണം ചെയ്യുന്നവരും തയ്യാറാക്കുന്നവരും അറിയാതെ ഇത് പുറത്തേക്ക് പോകില്ല.സ്വകാര്യ ട്യൂഷന്‍ സെന്‍ററുകളില്‍ ഏതൊക്കെ അധ്യാപകരാണ് പോകുന്നതെന്ന് കാര്യം ഉള്‍പ്പടെ അന്വേഷിക്കും. ട്യൂഷന്‍ സെന്‍ററുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമാണോ ഈ സംഭവമെന്നും അന്വേഷണം നടത്തും. നേരായ രീതിയില്‍ പോകുന്ന സംവിധാനത്തെ തകര്‍ക്കാനാണ് ലക്ഷ്യമെന്നും സംഭവം പൊതുവിദ്യാഭ്യാസ വകുപ്പിനോടുള്ള വെല്ലുവിളിയാണ് ” മന്ത്രി പറഞ്ഞു