ചീമേനി സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘടാനം ചെയ്‌തു
കാസർഗോട് :1987 മാർച്ച് 23ന് ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണയ്ക്കായി നിർമ്മിച്ച സ്മാരകത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമാണ് നാടിനെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാര്‍ട്ടി ഓഫീസില്‍ വോട്ടെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നിവരെ തീയിട്ടും ആക്രമിച്ചും കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു.
1980കളുടെ തുടക്കത്തിൽ തന്നെ ചീമേനി പ്രദേശത്ത് കോൺഗ്രസ് – സിപിഎം സംഘർഷം ഉണ്ടായിരുന്നു. 1981ന് യൂത്ത് കോൺഗ്രസ് നേതാവ് ശശീന്ദ്രൻ വധിക്കപ്പെട്ടത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1987ലെ തിരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന സംഘർഷത്തിൽ യുഡിഎഫ് ബൂത്ത് ഏജന്റും കോൺഗ്രസ് നേതാവുമായ പിലാന്തോളി കൃഷ്ണൻ കൊലചെയ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനം അക്രമാസക്തമാകുകയും അത് തീവയ്പ്പിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തകൻ പിലാന്തോളി കൃഷ്ണൻ, സിപിഐഎം പ്രവർത്തകരായ വി. കുഞ്ഞിക്കണ്ണൻ, പി. കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു , സി. കോരൻ, എം. കോരൻ എന്നിവരാണ് കൊല്ലപ്പെട്ടത് .
സ്ത്രീകളും കുട്ടികളും അടങ്ങുന്ന അറുപതോളം കമ്മ്യൂണിസ്റ്റ് പ്രവർത്തകർ സിപിഐഎം ഓഫീസ് കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പിന്റെ കണക്ക് വിശകലനം ചെയ്യവേ ആണ് കോൺഗ്രസ്സ് പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്.കുറെ ആളുകൾ ഓടിപ്പോയി, ബാക്കിയുള്ളവർ സിപിഐഎം ഓഫീസിൽ അഭയം തേടി.
വാതിലുകളും ജനാലകളും അടച്ചു.അക്രമികൾ ജനൽ തകർത്തു പുര മേയുന്ന പുൽക്കെട്ടുകൾ കത്തിച്ച് അകത്തേക്കിട്ടു. ഓഫീസിന് തീ കൊളുത്തി. ഓഫീസിൽ നിന്ന് പുറത്തു ചാടിയവരെ മാരകായുധങ്ങൾ ഉപയോഗിച്ചു വെട്ടി വീഴ്ത്തിയ ശേഷം പുല്ലിൽ പൊതിഞ്ഞു തീവെച്ചു കൊല്ലുകയായിരുന്നു. ബസ് കാത്തുനിന്ന ആളെ അമ്മി കല്ല് കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തി.
ചീമേനി കേസിലെ എല്ലാ പ്രതികളെയും കോടതി പിന്നീട് വെറുതെവിട്ടു.
പ്രതിചേർക്കപ്പെട്ട പ്രധാന പ്രതികളായ.എം. ജോസ്, കെ.പി. സുരേന്ദ്രൻ എന്നിവർ 1990 ലും ബെന്നി അബ്രഹാം 1995 ലും കൊലചെയ്യപ്പെട്ടു. ജോസ്, സുരേന്ദ്രൻ എന്നിവർ ചീമേനിയിലെയും ബെന്നി അബ്രഹാം പയ്യന്നൂരിലെയും നേതാക്കൾ ആയിരുന്നു.