‘മെക് 7 നെ പിന്തുണച്ച് വികെ ശ്രീകണ്‌ഠന്‍ എംപി; പട്ടാമ്പിയില്‍ ഉദ്‌ഘാടനംചെയ്തു
പാലക്കാട് :മെക് 7 വ്യായാമ കൂട്ടായ്‌മക്കെതിരെ ആരോപണങ്ങളും അന്വേഷണങ്ങളും നടക്കുന്നതിനിടയിൽ അതിൻ്റെ പട്ടാമ്പി മേഖലാതല ഉദ്ഘാടനം പാലക്കാട് എംപി വികെ ശ്രീകണ്‌ഠന്‍ നിർവ്വഹിച്ചു .മെക് 7 രാജ്യ വ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണെന്ന് വികെ ശ്രീകണ്‌ഠന്‍ പറഞ്ഞു. കുറച്ചു സമയം മാത്രം ആവശ്യമുള്ള നല്ല ഒരു വ്യായാമ പദ്ധതിയാണിതെന്നും ജാതി മത രാഷ്‌ട്രീയ ഭേദങ്ങള്‍ തനിക്കിതില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരോധിത ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും മെക് 7ന് ബന്ധമുണ്ട് എന്നും മെക് 7ല്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രസ്‌താവിച്ചിരുന്നു. ഇത് പിന്നീട് വിവാദമായപ്പോൾ പൊതു വേദികളില്‍ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ വര്‍ഗീയ ശക്തികള്‍ നുഴഞ്ഞു കയറുന്നതിനെയാണ് വിമര്‍ശിച്ചതെന്ന് പറഞ് ന്യായീകരിച്ചു.
മതത്തിന്‍റെയും ജാതിയുടെയും രാഷ്‌ട്രീയ ബന്ധത്തിന്‍റെയും അതിർ വരമ്പുകൾക്കപ്പുറം ആളുകളെ ഉൾക്കൊള്ളുന്ന ഒരു പൊതു ഇടത്തിലാണ് മെക് 7 പ്രവർത്തിക്കുന്നത്. മത രാഷ്‌ട്രത്തിനും വർഗീയതയ്ക്കും വേണ്ടി വാദിക്കുന്ന ശക്തികളുടെ നുഴഞ്ഞു കയറ്റത്തിന് ഇത് ഇരയാകുന്നുണ്ട് എന്നും മോഹനന്‍ പറഞ്ഞു. മെക് 7നുമായി തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നും പി മോഹനൻ വിശദീകരിച്ചു.
അതിനിടയിൽ , ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ പ്രഭാത വ്യായാമത്തിനായി ഒരു കൂട്ടയ്മ എന്നത് പരസ്പര
ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കുമെന്ന ആശംസ സന്ദേശം ബേപ്പൂരിലെ മെക് 7 കൂട്ടായ്മയ്ക്ക് നൽകി മന്ത്രി മുഹമ്മദ് റിയാസും തൻ്റെ പിന്തുണ അറിയിച്ചു കഴിഞ്ഞു .