തൃശൂർ സൂര്യസിൽക്‌സിൽ തീപിടുത്തം /ആളപായമില്ല
തൃശൂര്‍: തൃശൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ശക്തൻ നഗറിൽ പ്രവർത്തിക്കുന്ന സൂര്യ സിൽക്‌സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാമത്തെ നിലയിലെ എസി യൂണിറ്റിനാണ് തീപിടിച്ചത്.
ഇന്ന്ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ഞാറാഴ്ച ആയതുകൊണ്ട് തിരക്കേറിയ സമയത്താണ് സ്ഥാപനത്തില്‍ തീ പടര്‍ന്നത്. മൂന്നാമത്തെ നിലയിലെ എസി യൂണിറ്റ് പ്രവർത്തിപ്പിച്ചതോടെ വന്‍ തോതില്‍ പുക ഉയർന്ന് പെട്ടെന്ന് തന്നെ തീപിടിക്കുകയായിരുന്നു.
ഇതോടെ ജീവനക്കാരും വസ്ത്രം വാങ്ങാൻ വന്നവരും സ്ഥാപനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടി. സംഭവം അറിഞ്ഞയുടൻ തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു.
തീ അണച്ചിട്ടും ഒരു മണിക്കൂറോളം നേരം സ്ഥാപനത്തിന്‍റെ മൂന്ന് നിലകളിലും ബേസ്‌മെന്‍റ് ഫ്ലോറിലും പുക മയമായിരുന്നു. ഒടുവിൽ ഫയർഫോഴ്‌സ് ബ്ലോവർ ഉപയോഗിച്ച് പുക പുറത്തേക്ക് വലിച്ച് കളഞ്ഞു .
ഫയർഫോഴ്‌സിന്‍റെ സമയോചിത ഇടപെടലിലൂടെ വസ്ത്രങ്ങളിലേക്ക് തീ പടരാതെ നോക്കാനായി. ഇതിനാലാണ് വലിയ ദുരന്തം ഒഴിവായത്. തീപിടിത്തത്തിൽ എസി യൂണിറ്റും വയറിങ്ങും ഉൾപ്പടെ കത്തി നശിച്ചു. ആളപായം ഉണ്ടായിട്ടില്ല.