റബർത്തൈകളിൽ ജീൻ എഡിറ്റിങ്; ചൈനീസ് സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടി മലയാളി ശാസ്‌ത്രജ്ഞ
പത്തനംതിട്ട: ലോകത്തില്‍ ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ തൈകള്‍ ഉത്‌പാദിപ്പിച്ചതിന് ചൈനീസ് സര്‍ക്കാരിൻ്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ. അടൂര്‍ അങ്ങാടിക്കല്‍ സ്വദേശിനി ഡോ. ജിനു ഉദയഭാനുവിനാണ് ചൈനീസ് സര്‍ക്കാരിൻ്റെ അവാര്‍ഡ് ലഭിച്ചത്. ചൈനയിലെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ റബര്‍ ചൈനീസ് അക്കാദമി ഓഫ് ട്രോപ്പിക്കല്‍ അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ (ആര്‍ആര്‍ഐ) ശാസ്ത്രജ്ഞയാണ് ഡോ. ജിനു.മികച്ച ശാസ്ത്രീയവും സാങ്കേതികവുമായ നേട്ടങ്ങള്‍ കണ്ടുപിടിച്ചതിനുള്ള ചൈനീസ് ട്രോപ്പിക്കല്‍ ക്രോപ്‌സ് സൊസൈറ്റിയുടെ പ്രശസ്‌തി പത്രമാണ് ഡോ. ജിനു ഉദയഭാനുവിന് ലഭിച്ചത്. റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനയുടെ ഈ കണ്ടുപിടിത്തത്തിൻ്റെ പ്രധാന ചുമതലക്കാരിയാണ് ജിനു. കണ്ടുപിടുത്തത്തിന് കഴിഞ്ഞ വര്‍ഷം ചൈനീസ് നാഷണല്‍ പേറ്റൻ്റ് ലഭിച്ചിട്ടുണ്ട്. പൂക്കുകയും കായ്ക്കുകയും ചെയ്യാത്ത അത്യുത്‌പാദന ശേഷിയുള്ള റബര്‍ തൈകള്‍ ജനിതക പരിണാമത്തിലൂടെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്‌തിരിക്കുന്നത്.ഒരു ടിഷ്യൂവില്‍ നിന്നും 20 റബര്‍ തൈകള്‍ ഉല്‍പാദനം നടത്തി ഇവയില്‍ നിന്നും വീണ്ടും 70 റബര്‍ തൈകള്‍ വര്‍ധിപ്പിക്കുന്നതാണ് കണ്ടുപിടിത്തം. മിനിസ്ട്രി ഓഫ് സയന്‍സ് ടെക്‌നോളജി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഫോറിന്‍ എക്‌സ്‌പെര്‍ട്ട് യങ് ടാലൻ്റ് പോളിസി വഴി ഫോറിന്‍ എക്‌സ്‌പെര്‍ട്ട് ആയി 2021 – 22 കാലയളവില്‍ ഡോ. ജിനു ഉദയഭാനുവിന് ചൈനീസ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയിരുന്നു. 2019ല്‍ ഉയര്‍ന്ന കാര്യക്ഷമത ഉളള ജീന്‍ എഡിറ്റിങ് രൂപകല്‍പന ചെയ്‌തതിന് റിസര്‍ച്ച് ഡെവലപ്പ്‌മെൻ്റ് ബ്യൂറോ ഓഫ് സിസിപി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോസ്റ്റ് ഡോക്‌ടറല്‍ ഫെലോഷിപ്പ്) ലഭിച്ചിട്ടുണ്ട്.