‘മെക് 7 ‘വ്യായാമ കൂട്ടം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നിരീക്ഷണത്തിൽ

0

തിരുവനന്തപുരം: കേരളത്തിൽ തുടക്കമിട്ട് കേരളത്തിന് പുറത്തും വിദേശത്തും വ്യാപിച്ചു കൊണ്ടിരിക്കുന്ന വ്യായാമ കൂട്ടായ്‌മയായ ‘മെക് 7 ‘ൻ്റെ പ്രവർത്തനത്തെക്കുറിച്ച്‌ വിവിധകോണുകളിൽ നിന്ന് വിമർശനവും സംശയങ്ങളും ഉയർന്നുവന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം.
വ്യായാമത്തിൽ കവിഞ് മറ്റു ദുരുദ്ദേശങ്ങളൊന്നുമില്ലാതെ മുൻ സൈനികനും കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയുമായ പെരിങ്കടക്കാട് സ്വലാഹുദീൻ ആരംഭിച്ച ‘മെക് – 7 ‘അഥവാ ‘മൾട്ടി എക്സർസൈസ് കോമ്പിനേഷൻ ‘ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഹൈജാക്ക് ചെയ്തെന്ന ആരോപണത്തിലെ യഥാർത്ഥ വസ്‌തുത പരിശോധിക്കാൻ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കയാണ് .

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമാണ് മെക് 7 വ്യാപകമായ രീതിയിൽ യൂണിറ്റുകൾ തുടങ്ങിയതെന്ന് ചില മുസ്‌ലിം സംഘടനകൾ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. പെട്ടെന്നുള്ള ഇതിൻ്റെ വളർച്ചയ്ക്ക് പിന്നിലെ കാരണങ്ങളാണ് അന്വേഷണപരിധിയിൽ വന്നിട്ടുള്ളതു.

മലബാർ മേഖലയിൽ മെക് 7 പ്രവർത്തനം വ്യാപകമാകുന്നതായും പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. മെക് സെവന് പിന്നിൽ മതരാഷ്ട്രവാദികളെന്ന് CPIM കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനൻ, പാർട്ടി സമ്മേളനത്തിൽ ആരോപിക്കുകയുണ്ടായി .വ്യായാമ മുറക്ക് വേണ്ടി രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍മാരില്‍ ചിലരെ പറ്റി അന്വേഷിച്ചപ്പോള്‍ അവര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് എന്ന വിവരം ലഭിച്ചതായി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.
‘ഇവിടിപ്പോ ഒരു പുതിയ നീക്കമുണ്ട്. കണ്ണൂരിലുണ്ടോ എന്നറിയില്ല. വ്യായാമ മുറ എന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് പരിശീലനം നടത്തുകയാണ്. ചില സഖാക്കളാണ് ഇത് സംബന്ധിച്ച് പറഞ്ഞത്. ഇതനുസരിച്ച് കക്കോടി, ബാലുശേരി എന്നിവടങ്ങളില്‍ കാര്യമായ അന്വേഷണം നടത്തിയപ്പോഴാണ് അഡ്മിന്‍മാര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്ന വിവരം ലഭിച്ചത്.” മോഹനൻ മാസ്റ്റർ പറഞ്ഞു.
മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെ തുടങ്ങിയ മെക് 7ന് പിന്നിൽ തീവ്രവാദസംഘടനകൾ കടന്നുകൂടിയിട്ടുണ്ടെന്നും ജനങ്ങൾ ഇതിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അറിയിച്ചു.

മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തിയിരന്നു. മെക് സെവന് പിന്നിൽ ചതിയെന്നും, അതിൽ സുന്നികൾ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ടും, ജമാഅത്തെഇസ്ലാമിയുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്ന് സമസ്ത പറയുന്നു.

മെക് 7 ദുരൂഹമെന്നാണ് സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ പറയുന്നത്.. എല്ലാമതക്കാരും പങ്കെടുക്കുന്നുണ്ട് എന്ന അവകാശപ്പെടുമ്പോഴും മുസ്ളീം വിഭാഗം
കൂടുതലായുള്ള പ്രദേശങ്ങളിലാണ് ഇതുപെട്ടെന്നു വളരുന്നത് അതുകൊണ്ട് തന്നെ ഇതിൽ ദുരൂഹതയുണ്ടെന്ന് മുഹമ്മദലി കിനാലൂര്‍ പറഞ്ഞു.മെക് 7 കേരളത്തില്‍ മാത്രമല്ല ജിസിസി രാജ്യങ്ങളിലും വേരുറപ്പിച്ച് കഴിഞ്ഞു. വാട്‌സ്അപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മാതൃസംഘടനയായ എന്‍ഡിഎഫും ആദ്യകാലഘട്ടത്തില്‍ ഇതുപോലെ കളരിയും വ്യായാമവും ഉപാധിയാക്കിയാണ് യുവാക്കളെ ആകര്‍ഷിച്ചിരുന്നതെന്ന് മുഹമ്മദലി കിനാലൂര്‍ വെളിപ്പെടുത്തി .

എ ന്നാൽ ഈ ആരോപണങ്ങളെയൊക്കെ ആരോപണം തള്ളുകയാണ് മെക് സെവൻ സ്ഥാപകൻ സ്വലാഹുദീൻ. എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതാണ് കൂട്ടായ്മ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
മെക് – 7 അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വ്യായാമ മുറകൾക്കായി താൻ സ്വന്തം നാട്ടിൽ 2012 ലാണ് മെക് സെവൻ തുടങ്ങുന്നത് എന്ന് അദ്ദേഹം പറയുന്നു.

2022 മുതൽ പുതിയ ശാഖകൾ ആരംഭിച്ച മെക് 7 മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളർന്നു.ശരീരത്തിനും മനസ്സിനും നവയൗവനം നൽകുക’ എന്ന മെക് 7 പ്രമേയം എല്ലാ പ്രായക്കാർക്കിടയിലും പ്രചാരം നേടി. എയ്‌റോബിക്‌സ്, ഫിസിയോതെറപ്പി, യോഗ, മെഡിറ്റേഷൻ, ഫേസ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്തിങ് തുടങ്ങി ഒരു ദിവസം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന 21 വ്യായാമമുറകൾ ഉൾക്കൊള്ളുന്നതാണ് മെക് സെവൻ.ഓരോ ക്ലബ് അംഗവും താൻ പരിശീലിക്കുന്നത് കുടുംബാംഗങ്ങളെയും പരിശീലിപ്പിക്കണം, പക്ഷാഘാതം വന്ന രോഗികളെ സന്ദർശിക്കുകയും രോഗികളെക്കൊണ്ട് കഴിയുന്ന വ്യായാമം ചെയ്യിപ്പിക്കണം തുടങ്ങി നിരവധി നിര്ദേശങ്ങൾ കൂട്ടായ്മ നല്കുന്നു. 60 വയസ്സിന് മുകളിലുള്ളവരാണ് കൂട്ടായ്മയിൽ പ്രധാനമായുള്ളത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലീഡറും, ട്രെയിനർമാരായി സ്ത്രീകൾ തന്നെയുള്ള വനിതാ യൂണിറ്റുകളും പിന്നാലെ നിലവിൽ വന്നു. യു‌എ‌ഇ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും മെക് – 7 വളർന്നു.

വിവാദങ്ങൾ ഉയര്ന്ന സാഹചര്യത്തിൽ രാഷ്ട്രീയ ഇടപെടലുകളുകളുണ്ടെന്ന വാദം പൂർണമായും നിഷേധിക്കുകയാണ് മെക് 7 അധികൃതർ.’ ഞങ്ങളുടെ അംഗങ്ങളില്‍ സൈന്യത്തില്‍ നിന്നും പൊലീസില്‍ നിന്നും ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടുന്നു. തുറസായ സ്ഥലങ്ങളില്‍ സുതാര്യതയോടെ നടത്തുന്നതാണ് ഞങ്ങളുടെ വ്യായാമ മുറകള്‍’, മെക് 7 ന്റെ അംബാസിഡര്‍ ബാവ അറയ്ക്കലിന്റെ വിശദീകരണം .

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *