കന്നിപ്രസംഗത്തിൽ മോദിസർക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

0

ന്യൂഡൽഹി: രാജ്യത്തിന്‍റെ ശബ്ദമാണ് ഭരണഘടനയെന്ന് പ്രിയങ്ക ഗാന്ധി. ഭരണഘടനയെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഭരണഘടന അംഗീകരിക്കപ്പെട്ടതിന്‍റെ 75–ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്‍റിൽ നടന്ന ചർച്ചയിൽ സംസാരിക്കവെ പ്രിയങ്ക ഗാന്ധി പറഞ്ഞു. ലോക്സഭയിലെ പ്രിയങ്ക ഗാന്ധിയുടെ കന്നി പ്രസംഗമാണിത്.

ഒരു വ്യക്തിക്ക് വേണ്ടി കേന്ദ്രം എല്ലാം അട്ടിമറിക്കുകയാണെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ 142 കോടി പൗരന്മാരെ തള്ളി ചില വ്യക്തികള്‍ക്കുവേണ്ടി മാത്രമായാണ് ബിജെപി സര്‍ക്കാര്‍ നിലകൊള്ളുന്നത്. ഇന്ത്യക്കാരെ അവഗണിച്ചുകൊണ്ട് ഒരാളെ സംരക്ഷിക്കുന്നത് രാജ്യം കാണുകയാണ്. ബിസിനസുകള്‍, പണം, വിഭവങ്ങള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് മാത്രം നല്‍കുന്നുവെന്നും പ്രിയങ്ക വിമർശിച്ചു.വിലക്കയറ്റവും തൊഴിലില്ലായ്മയും ജനത്തെ വരിഞ്ഞുമുറുക്കുന്ന വേളയിലും സർക്കാർ പിന്തുണക്കുന്നത് അദാനിയെയാണ്. കർഷകരെ ഉപേക്ഷിച്ചിരിക്കുന്നു. വാഷിംഗ് മെഷീൻ സർക്കാരായി മോദി സർക്കാർ മാറിയെന്നും പ്രിയങ്ക പരിഹസിച്ചു. ഇതോടെ സ്പീക്കർ ഇടപെട്ടു. ഭരണഘടനെ കുറിച്ചാണ് ചർച്ചയെന്ന് പ്രിയങ്കയെ സ്പീക്കർ ഓർമ്മിപ്പിച്ചു.

യുപിയിലെ സംഭൽ ജില്ലയിൽ സംഘർഷമുണ്ടായ സ്ഥലത്തെ ജനങ്ങളുടെ ദുഃഖത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു.കൊല്ലപ്പെട്ടത് വലിയ സ്വപ്നങ്ങളുള്ളവരായിരുന്നു. 17 വയസുള്ള അദ്നാൻ എന കുട്ടി ഡോക്ടറാകണമെന്ന ആഗ്രഹം പങ്കുവച്ചു. അവനെ അത് പറയാൻ പ്രേരിപ്പിക്കുന്നത് ഭരണഘടന നൽകുന്ന ശക്തിയാണ്. ഈ സർക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനയുടെ ശക്തി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ സർക്കാർ തിരിച്ചറിഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ എന്തൊക്കെ തന്ത്രങ്ങൾ ബിജെപി പ്രയോഗിച്ചു? ഈ സർക്കാർ എന്തുകൊണ്ട് ജാതി സെൻസസിനെ ഭയക്കുന്നുവെന്ന ചോദ്യമുയർത്തിയ പ്രിയങ്കാ ഗാന്ധി ഭരണഘടനയെ ദുർബലപ്പെടുത്താൻ എല്ലാ വഴികളും ഈ സർക്കാർ തേടുകയാണെന്നും കുറ്റപ്പെടുത്തി. ഭരണഘടനയെ അട്ടിമറിക്കാനുളള ശ്രമത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രിയങ്ക സഭയിൽ ആവർത്തിച്ചു.

ഭാരതത്തിന്റേത് പുരാതന സംസ്കാരമാണ്. വേദങ്ങളിലും, പുരാണങ്ങളിലും, സൂഫി ഗ്രന്ഥങ്ങളിലുമെല്ലാം നമ്മുടെ പാരമ്പര്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. നമ്മുടെ ജനതക്ക് തുല്യതയും, ശബ്ദം ഉയർത്താനുള്ള അവകാശവും ഭരണഘടന നൽകുന്നു. എന്നാൽ പലയിടങ്ങളിലും ദുർബല ശബ്ദങ്ങളെ അടിച്ചമർത്തുന്നു.ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ? എന്ന് പ്രിയങ്ക ഭരണപക്ഷത്തോട് ചോദിച്ചു. സത്യം പറയുന്നവരെ ജയിലിലിടുന്നു. പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എല്ലാവരെയും ജയിലിലിടുന്നു. രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ഉപയോഗിക്കുന്നു. ഭയത്തിൻ്റെ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു.നേരത്തെ ,കോൺഗ്രസ് നേതാക്കൾ ഭരണഘടനാ മൂല്യങ്ങളേയും അതിന്റെ അന്തസ്സും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് ഭരണഘടനയെക്കുറിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു .അടിയന്തരാവസ്ഥ കാലത്ത് നടന്ന വിവിധ ഭരണഘടനാ ലംഘനങ്ങളെക്കുറിച്ചും സിംഗ് സംസാരിച്ചു..


Spread the love

Leave a Reply

Your email address will not be published. Required fields are marked *