കോട്ടയത്തെ ലുലു മാൾ നാളെ തുറക്കും
കോട്ടയം: ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് മാൾ ഉദ്ഘാടനം ചെയ്യുന്നത്. പൊതുജനങ്ങൾക്ക് ശനിയാഴ്ച വെകുന്നേരം നാല് മണിക്ക് ശേഷമാണ് മാളിലേക്ക് പ്രവേശനം അനുവദിക്കുക.
രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാൾ പണിതത്. പാലക്കാട്, കോഴിക്കോട് എന്നിവക്ക് സമാനമായ മാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മാളിന്റെ മുഖ്യ ആകർഷണങ്ങൾ. ഇത് കൂടാതെ വിവിധയിനം ബ്രാൻഡുകൾ, ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിംഗ് മാളിലുണ്ട്.
കോട്ടയത്തിനു ശേഷം കൊല്ലം ജില്ലയിലെ കൊട്ടിയം, തൃശ്ശൂർ എന്നിവിടങ്ങളിൽ ലുലു ഡെയ്‌ലി സൂപ്പർ മാർക്കറ്റ് ഈ മാസം തന്നെ തുറക്കും. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്.