തിരക്കിൽപെട്ട് തിയേറ്ററിൽ സ്ത്രീ മരണപ്പെട്ട സംഭവം : അല്ലു അർജുൻ അറസ്റ്റിൽ.
ഹൈദരാബാദ്: സന്ധ്യ തിയേറ്ററിൽ ഡിസംബർ 4-ന് പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരണപ്പെട്ട സംഭവത്തിൽ കേസിൽ തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുനെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദിലെ ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി . സംഭവത്തിൽ ഹൈദരാബാദ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഡിസംബർ 4-ന് പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി (35)കൊല്ലപ്പെടുകയും13 വയസ്സുള്ള മകൻ ശ്രീ തേജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ദാരുണമായ സംഭവത്തിൽ അല്ലുവിനും അദ്ദേഹത്തിൻ്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ 105, 118 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത് .
മരിച്ച യുവതിയുടെ ഭർത്താവിൻ്റെ പരാതിയിൽ ഡിസംബർ അഞ്ചിന് ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലുവിന് മുമ്പ് ഹൈദരാബാദ് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടൻ്റെ സന്ദർശനത്തെക്കുറിച്ച് തിയേറ്റർ മാനേജ്‌മെൻ്റോ അല്ലു അർജുൻ്റെ ടീമോ അറിയിച്ചിട്ടില്ലെന്നും തിരക്ക് നിയന്ത്രിക്കാൻ അധിക സുരക്ഷാ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.
മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സംഭവത്തിൽ അല്ലു അർജുൻ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ശ്രീ തേജിൻ്റെ ചികിത്സാ ചെലവുകൾ വഹിക്കുമെന്നും ദുഃഖിതരായ കുടുംബത്തെ നേരിട്ട് കാണാമെന്നും അദ്ദേഹം വാഗ്ദാനംനവും നൽകി .