പാലക്കാട് ലോറി അപകടം : 4 സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം: നിരവധി കുട്ടികള്‍ക്ക് പരിക്ക്
പാലക്കാട് :കല്ലടിക്കോട് പനയമ്പാടത്താണ് കരിമ്പയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം !
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറുകയായിരുന്നു. ഒട്ടേറെ വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. എല്ലാവരേയും ആശുപത്രികളിലേക്ക് മാറ്റി. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലുപേരും പെൺകുട്ടികളാണ്. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. ഗുരുതരമായി പരിക്കേറ്റു നാട്ടുകാർ ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
സ്കൂളിന് സമീപത്ത് വെച്ചാണ് ദാരുണാപകടം ഉണ്ടായത്. സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ലോറിക്കടിയിൽ വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. വിവിധ ആംബുലൻസുകളിലായാണ് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രികളിലെത്തിച്ചത്.