ഇനി സിനിമാക്കാലം: ഐഎഫ്എഫ്കെയ്ക്ക് നാളെ തിരി തെളിയും
തിരുവനന്തപുരം: ഇരുപത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന നഗരം ഒരുങ്ങിക്കഴിഞ്ഞു. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഡിസംബർ 13 ന് വെെകുന്നേരം അഞ്ച് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് മേളയുടെ ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ശബാന ആസ്മിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കും.
അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന വേളയിലാണ് ശബാന ആസ്മിക്ക് ഐഎഫ്എഫ്എഫ്കെയുടെ ആദരം. ശബാന ആസ്മി മുഖ്യവേഷത്തിലഭിനയിച്ച അഞ്ചു സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.അങ്കുർ (ശ്യാം ബെനഗൽ/1974), ഫയർ (ദീപ മേത്ത/1999), അർഥ് (മഹേഷ് ഭട്ട്/1982), കാന്ധാർ (മൃണാൾ സെൻ/1984), പാർ (ഗൗതം ഘോഷ്/1984) എന്നീ ചിത്രങ്ങളാണ് സെലിബ്രേറ്റിങ് ശബാന ആസ്മി എന്ന പായ്ക്കേജിൽ പ്രദർശിപ്പിക്കുന്നത്. ഐ ആം സ്റ്റില്‍ ഹിയര്‍ ആണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം.