കരുനാഗപ്പള്ളിയില്‍ നിന്നുള്ള മൂന്നു നേതാക്കളെ ഒഴിവാക്കിയേക്കും: നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത

0

കൊല്ലം: സിപിഐഎം കൊല്ലം നേതൃത്വത്തില്‍ അഴിച്ച് പണിക്ക് സാധ്യത. വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത നേതൃത്വത്തെ ചുമതലയില്‍ നിന്നും ഒഴിവാക്കി പുതിയ നേതൃത്വം വേണമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. എന്നാല്‍ ജില്ലാ സെക്രട്ടറി മാറേണ്ടതില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊല്ലത്ത് ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ ഒരു വട്ടം കൂടി തുടരട്ടെ എന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്. സുദേവന്‍ ഒഴിയുകയാണെങ്കില്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ് ജയമോഹനാണ് സെക്രട്ടറി സ്ഥാനത്തേക്ക് നിലവിൽ ആദ്യപേരുകാരൻ.

കരുനാഗപ്പള്ളിയില്‍ നിന്നുള്ള മൂന്നു നേതാക്കളെയും ഒഴിവാക്കിയേക്കും. ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തനു പുറമേ ജില്ലാസെക്രട്ടറിയേറിയറ്റംഗം രാധാമണിയെയും ബാലചന്ദ്രനെയും ഒഴിവാക്കും. രാധാമണിക്ക് പകരം സബിതാബീഗം ജില്ലാ സെക്രട്ടറിയേറ്റില്‍ എത്താനാണ് സാധ്യത. നേരത്തെ കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവിടെ നിന്നുള്ള നേതാക്കൾക്ക് വീഴ്ച സംഭവിച്ചുവെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ഇന്നലെയും നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായി. നേതൃത്വം മുതലാളിമാരും പ്രവര്‍ത്തകര്‍ തൊഴിലാളികളും എന്ന മട്ടിലുള്ള നിലയിലാണ് കാര്യങ്ങള്‍ എന്ന വിമർശനം ഉയർന്നു.

ആവശ്യങ്ങളുമായി പാര്‍ട്ടി ഓഫീസില്‍ എത്തുന്ന പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ നേതൃത്വം മുഖം തിരിക്കുന്ന പ്രവണത മാറണം. സാധാരണ പ്രവര്‍ത്തകര്‍ എങ്ങനെ ജീവിക്കുന്നുവെന്ന് പാര്‍ട്ടി അറിയുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പലരും സാമ്പത്തിക ബാധ്യതയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *