പൂക്കോട് വെറ്റിനറി കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്ക്ക് മുഴുവൻ സീറ്റിലും വിജയം. സർവകലാശാല ആസ്ഥാനത്തെ കാംപസ് യൂണിയനിലേക്കും ബി ടെക് ഡെയറി കോളേജ് യൂണിയനിലേക്കും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രികാ സമർപ്പണവും സൂക്ഷ്‌മപരിശോധനയും പൂർത്തിയായപ്പോഴാണ് വിജയം.
വെറ്ററിനറി കോളേജിൽ 18 മേജർ സീറ്റടക്കം 25ലും ബി ടെക്കിൽ 13 മേജർ സീറ്റുൾപ്പെടെ 18ലും എസ്‌എഫ്‌ഐക്ക് മാത്രമാണ് സ്ഥാനാർഥികളുണ്ടായിരുന്നത്. വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്‍റെ മരണത്തിനും വിവാദത്തിനും ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. നുണപ്പെയ്ത്തിന് ശേഷം നടക്കുന്ന പൂക്കോട്ടെ ആദ്യ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പ്രതികരണം.
‘നുണ കൊണ്ട് ഗോപുരം പണിത് എക്കാലവും അതിന്‍റെ മട്ടുപ്പാവിലിരുന്ന് കുഴലൂത്ത് സാധ്യമോ? സാധ്യമാകില്ല! സാധ്യമല്ലെന്ന് നുണപ്രചാരകരായ കുഴലൂത്ത് സംഘത്തിന് ബോധ്യമാകുമോ? ബോധ്യമാകില്ല! ബോധ്യമാകില്ലെങ്കിലും കേട്ടുകൊള്ളുക, അറിഞ്ഞുകൊള്ളുക, നുണയുടെ പേമാരി പെയ്യിച്ചു നിങ്ങൾ എസ്എഫ്ഐയ്ക്ക് ചരമഗീതമെഴുതാൻ ആഴ്ച്ചകളോളം കാത്തുകെട്ടിക്കിടന്ന വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ഇന്ന് തെരഞ്ഞെടുപ്പായിരുന്നു.’