വഴിതടഞ്ഞുള്ള സിപിഎം സമ്മേളനം; പാളയം ഏരിയ സെക്രട്ടറി ഒന്നാം പ്രതി
തിരുവനന്തപുരം: യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ റോഡിൻ്റെ മധ്യത്തിൽ വേദികെട്ടി സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ കേസെടുത്ത പോലീസ് പാളയം ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി . സമ്മേളനത്തിന് ശേഷം ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത വഞ്ചിയൂര്‍ പി ബാബു അടക്കം 31 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് എസ്എച്ച്ഒയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 31 പേര്‍ക്കെതിരെ കേസെടുത്തത്. മുന്‍പ് കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേരെയായിരുന്നു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
സമ്മേളനത്തിന് ശേഷം തെരഞ്ഞെടുത്ത പാളയം ഏരിയ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും കേസില്‍ പ്രതികളാണെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്‌ത പൊതു സമ്മേളനത്തില്‍ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകവും അരങ്ങേറിയിരുന്നു. പാളയം ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായി റോഡ് അടച്ചുകെട്ടിയ സംഭവം കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് മുരളീകൃഷ്‌ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിരീക്ഷിച്ചത്.