ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്‌നാട് മുഖ്യമുഖ്യമന്ത്രി ചര്‍ച്ച ചെയ്യുമന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുഗന്‍. ഈയാഴ്‌ച സ്റ്റാലിന്‍ ഇതിനായി കേരളം സന്ദര്‍ശിക്കുന്നുണ്ട്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നിയമസഭയില്‍, പ്രതിപക്ഷമായ എഐഎഡിഎംകെയുടെ നേതാവ് എടപ്പാടി കെ പളനിസ്വാമിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കുന്നില്ലെന്ന് പളനി സ്വാമി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
നിര്‍മ്മാണ സാമഗ്രികളുമായി പോയ പൊതുമരാമത്ത് വകുപ്പിന്‍റെ ഒരു ലോറി കേരളത്തിലെ വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ ഈ മാസം നാലിന് തടഞ്ഞു. ഇത് അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ തടസപ്പെടുത്തിയിരിക്കുകയാണെന്നും പളനി സ്വാമി ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ശ്രദ്ധക്ഷണിച്ച് കൊണ്ടു ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായിരുന്നു ഇന്ന്.
ഇക്കാര്യം മുഖ്യമന്ത്രി അടിയന്തരമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ മാസം പന്ത്രണ്ടിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തുന്നുണ്ട്. അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സന്ദര്‍ശന വേളയില്‍ കൈക്കൊള്ളണം.