മറാത്തി സംസാരിക്കുന്നവരെ അടിച്ചമർത്തുന്നു,/ ബെൽഗാ0 കേന്ദ്രഭരണ പ്രദേശമാക്കണം – ആദിത്യ താക്കറെ
മുംബൈ: മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം പരിഹരിക്കാൻ ബെൽഗാമും മറ്റ് തർക്ക പ്രദേശങ്ങളും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ശിവസേന യുബിടി നേതാവും നിയമസഭാംഗവുമായ ആദിത്യ താക്കറെ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര അകികരണ സമിതിക്ക് ബെൽഗാവിയിൽ യോഗം ചേരാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ അനുമതി നിഷേധിച്ചുവെന്ന വാർത്ത ഇന്ന് അറിഞ്ഞപ്പോഴാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
മറാത്തി സംസാരിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾ കർണാടക സർക്കാർ അടിച്ചമർത്തുന്നതിനെ തുടർന്ന് തർക്ക പ്രദേശങ്ങൾ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തണമെന്ന് ആദിത്യ താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക സർക്കാരിനെ നയിക്കുന്നത് കോൺഗ്രസാണെന്നും കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലേ താങ്കളുടെ പാർട്ടി എന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഈ വിഷയം താനും ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
” ‘സർക്കാർ ഏത് പാർട്ടിയുടെയും ആകാം, എന്നാൽ അനീതി ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ ബിജെപിക്കൊപ്പമായിരുന്നപ്പോഴും കർണാടകയിൽ ബിജെപി സർക്കാർ ഉണ്ടായിരുന്നപ്പോഴും മറാത്തി സംസാരിക്കുന്നവരെ ഞങ്ങൾ പിന്തുണക്കുകയും ബിജെപി സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു, ” താക്കറെ പറഞ്ഞു.
മുമ്പ് കർണാടകയിലും മഹാരാഷ്ട്രയിലും ബിജെപി സർക്കാരുകൾ ഉണ്ടായിരുന്നെങ്കിലും തർക്കം പരിഹരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മുതൽ കാര്യങ്ങൾ വഷളാകുകയാണെന്നും തൻ്റെ പാർട്ടിയിലെ ചില പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“മറാഠി സംസാരിക്കുന്ന ജനങ്ങൾ ഇവിടെ കഷ്ട്ടപെടുമ്പോൾ , ഇവിഎം സർക്കാർ ഇവിടെ ആഘോഷിക്കുകയാണ്.കർണാടകയിൽ മറാഠി സംസാരിക്കുന്നവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് മുൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു ഈ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നോ ”
ആദിത്യ താക്കറെ ചോദിച്ചു.
എൻസിപിയും (എസ്പി) കോൺഗ്രസും കേന്ദ്രഭരണ പ്രദേശത്തിനായുള്ള തൻ്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, താൻ ശിവസേന യുബിടി നേതാവെന്ന നിലയിലും മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം മറുപടി നൽകി.