പ്രതികളെ കയ്യിൽ കൊടുത്തിട്ടും അനങ്ങിയില്ല: ആക്ഷൻ കമ്മിറ്റി

0

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിച്ചതില്‍ ബേക്കല്‍ പൊലീസിനെതിരെ പരാതി നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ കൃത്യമായി പൊലീസിന് നൽകിയിട്ടുംഅന്വേഷണം വഴിമാറ്റാനാണ് ശ്രമിച്ചതെന്നും ഇതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്നും ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു. പ്രതികൾ ഒന്നോ രണ്ടോ ആളിൽ ഒതുങ്ങുന്നില്ല എന്നും വലിയൊരു സംഘം തന്നെ ഇതിൻ്റെ പിറകിലുണ്ടെന്നും കമ്മിറ്റി നേതൃത്തം പറയുന്നു.
പ്രതികൾക്കെതിരെ ഇത്രയേറെ തെളിവുകൾ നൽകിയിട്ടും കേസെടുക്കാതിരുന്നതിൽ അത്ഭുതം തോന്നിയെന്നും, എന്നാൽ 43 ദിവസം കൊണ്ട് പുതുതായി ചാർജ്ജെടുത്ത ജോൺസൺ സാർ കേസ് തെളിയിച്ചുവെന്ന് പറയുമ്പോൾ മറ്റു പൊലീസുകാർ കേരളത്തിന് അപമാനമാണെന്നും ആക്ഷൻ കമ്മിറ്റി കൺവീനർ സുകുമാരന്‍ പൂച്ചക്കാട് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അസൈനാര്‍ ആമു ഹാജിയും പ്രതികരിച്ചു.

2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്‌ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവർ ബന്ധു വീട്ടിലായിരുന്ന ദിവസമാണ് ഗഫൂർ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഒരു വർഷം മുമ്പാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.

മരിച്ച അബ്‌ദുൽ ഗഫൂർ 12 ബന്ധുക്കളിൽനിന്നും സ്വരൂപിച്ച 596 പവൻ സ്വർണാഭരണവും വീട്ടിൽ നിന്ന് നഷ്‌ടപ്പെട്ടിരുന്നു. പ്രവാസി വ്യവസായിയായ ഗഫൂർ ബന്ധുക്കളിൽനിന്ന് ഇത്രയും സ്വർണം എന്തിന് സ്വരൂപിച്ചു എന്നുള്ളത് ആശങ്കയുണ്ടാക്കുന്നതാണെന്നും അന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞിരുന്നു.
ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു. കുറച്ച് സ്വർണം മൂന്നോളം ജ്വല്ലറികളിൽ വിറ്റതായി പറയുന്നുണ്ട്. ജില്ലയിലെ ചില സ്വർണ വ്യാപാരികളിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേല്‍നോട്ടത്തില്‍ ഡിസിആർബി ഡിവൈഎസ്‌പി കെജെ ജോൺസൺൻ്റെയും ബേക്കല്‍ ഇൻസ്പെക്‌ടർ കെപി ഷൈൻ്റെയും നേതൃത്വത്തിലുള്ള 11 അംഗ പൊലീസ് ടീമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *