ശ്രുതി ഇന്നുമുതൽ റവന്യുവകുപ്പിൽ
കല്പറ്റ:സർക്കാർ വാക്കുപാലിച്ചു. ശ്രുതി ഇന്നുമുതൽ റവന്യുവകുപ്പിൽ ക്ളർക്കായി ജോലിയിൽ പ്രവേശിക്കും.ഉരുൾപൊട്ടലിൽ എല്ലാംനഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതി മലയാളികൾക്കെല്ലാം ഒരു നൊമ്പരമായി മാറിയിരുന്നു.ഇന്ന് രാവിലെ ഒൻപതിന് കളക്ടറേറ്റിൽ എത്തിയാണ് റവന്യുവകുപ്പിൽ ക്ലാർക്കായി ചുമതലയേൽക്കുക. ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് പ്രതി ശ്രുതവരൻ ജെൻസണെയും വാഹനാപകടത്തിൽ നഷ്ടപ്പെട്ടിരുന്നു.ഉറ്റവർ കൂടെയില്ലാത്തതിന്റെ വിഷമമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. മുന്നോട്ട് ജീവിക്കാനുള്ള കൈത്താങ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് .ഈ ഘട്ടത്തിൽ എല്ലാവരോടും നന്ദി പറയുന്നു. ഒരാളെയും പ്രത്യേകം പറയുന്നില്ല. വീടുനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യം പതിയെ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ നടക്കാൻ പറ്റുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.
ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളായ ശിവണ്ണനെയും സബിതയെയും സഹോദരി ശ്രേയയെയും ശ്രുതിക്ക് നഷ്ടപ്പെട്ടു. പിന്നീട് ശ്രുതിക്ക് തണലായി ഉണ്ടായിരുന്നത് പ്രതിശ്രുതവരൻ ജെൻസൺ ആയിരുന്നു. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ പത്തിന് ശ്രുതിയും ജെൻസണും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ജെൻസൺ മരിച്ചു. . ഒറ്റപ്പെട്ടു പോയ ശ്രുതി തനിച്ചാകില്ലെന്നും സർക്കാർ ചേര്‍ത്തു പിടിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ ഉറപ്പു നൽകിയിരുന്നു. ഇനി മുതല്‍ ശ്രുതി ഞങ്ങളുടെ റവന്യൂ കുടുംബത്തിലെ അംഗമാണ്. വയനാട് ജില്ലയില്‍ തന്നെ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ശ്രുതി ജോലിക്ക് കയറുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.