മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വൻ മോഷണം

0

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്‍ മോഷണം. സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും അടക്കം 12 ലക്ഷം വിലമതിക്കുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. രണ്ടാം നമ്പര്‍ ഗേറ്റ് വഴി ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജനത്തിരക്ക് മുതലാക്കിയ മോഷ്ടാക്കള്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും പഴ്‌സുകളും അപഹരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച സൗത്ത് മുംബൈയിലെ ആസാദ് മൈതാനിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

രാഷ്ട്രീയ, സിനിമാ, വ്യവസായ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ബിജപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, രാജ്‌നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ബോളിവുഡ് സിനിമാ മേഖലയില്‍ നിന്ന് ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, സഞ്ജയ് ദത്ത് തുടങ്ങിയവരും പങ്കെടുത്തു. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുകേഷ് അംബാനി, അനില്‍ അംബാനി, ആനന്ദ് അംബാനി തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്ത മറ്റ് പ്രമുഖര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *