വനംവകുപ്പ് മന്ത്രി രാജിവെക്കണമെന്ന്, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്.
വയനാട്: ഉത്തരവാദിത്വമില്ലാത്ത മന്ത്രി രാജിവെക്കണമെന്ന് വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്. ആനയുടെ വോട്ടുകള്‍ നേടിയല്ല, മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നതെന്നും മന്ത്രി ഓര്‍ക്കണമെന്നും വനംവകുപ്പിനേയും മന്ത്രി എ.കെ ശശീന്ദ്രനേയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടു അദ്ദേഹം പറഞ്ഞു.
അജീഷിന്റെ അമ്മ അസുഖമായി കിടക്കുകയാണ്. എട്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ, ആനയിറങ്ങിയിട്ടും വനംവകുപ്പ് വിവരമറിയിച്ചില്ല. ജീവൻ നഷ്ടമായശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടെന്തുകാര്യം.സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കരുത്. വോട്ടിന്റെ സമയമാകുമ്പോള്‍ ഓടി വന്നിട്ട് കാര്യമില്ലെന്നും ജോസഫ് പറഞ്ഞു.
ഒരു ഓന്തിനെ കൊന്നാല്‍ പോലും വനംവകുപ്പ് കേസെടുക്കും. ഒരു മനുഷ്യന്‍ മരിച്ചിട്ട് എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍പോലും ആരും വരുന്നില്ല. അവർക്ക് ശമ്പളം മതി മൃഗങ്ങളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതിയാണ് ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനാണ് ഇവരുടെ പരിപാടിയെന്നും അദ്ദേഹം ആരോപിച്ചു.