ADMൻ്റെ ആത്മഹത്യ “അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വന്നു?”-ബന്ധുക്കൾ ചോദിക്കുന്നു.

0

‘അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വന്നു?,’ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വായിച്ചില്ല’; ഗൂഢാലോചന സംശയിക്കുന്നതായി നവീന്റെ ബന്ധു

പത്തനംതിട്ട: കണ്ണൂരില്‍ മരിച്ച എഡിഎമ്മിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന് പിന്നാലെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അഡ്വ. അനില്‍ പി നായര്‍ ആരോപിച്ചു. ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പിന്നെ അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വരുമെന്നും അനില്‍ ചോദിച്ചു.

ഇക്കാര്യം വിശദീകരിക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടന്നില്ല. ശാസ്ത്രീയ അന്വേഷണം നടത്തിയില്ലെന്ന് അതുകൊണ്ട് തന്നെ വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നുണ്ട്. മൃതശരീരത്തില്‍ നിന്നും രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം ഒരു മുറിവ് ശരീരത്തില്‍ എവിടെയോ ഉണ്ടായിട്ടുണ്ട് എന്നാണ്. അത് എന്തായിരുന്നു എന്ന് പറയേണ്ടത് പൊലീസിന്റെ ബാധ്യതയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണെന്നും അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *