ന്യായാധിപന്‍ വിടപറഞ്ഞു; ഉത്തരവ് നടപ്പിലാക്കാൻ സാധിക്കാതെ അധികൃതര്‍

0

എടത്വ:പതിറ്റാണ്ടുകളായി ശുദ്ധജല വിതരണം നിലച്ച തലവടി തെക്കെ കരയിൽ പൊതു ടാപ്പ് സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജല വിതരണം നടത്തണമെന്ന് ഉത്തരവിട്ട ന്യായാധിപൻ വിടപറഞ്ഞു.ഉത്തരവ് നടപ്പിലാക്കാൻ അധികൃതര്‍ക്ക് സാധിക്കാതെ വരുന്നതു മൂലം പ്രദേശവാസികൾക്ക് കൂടിനീര് പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.

തലവടി തെക്കെ കരയിലെ കുടി വെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള നല്കിയ ഹർജിയെ തുടർന്ന് 2014 ജൂലൈ 7ന് മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് ആര്‍ നടരാജൻ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ ഉത്തരവ് നടപ്പിലാക്കുകയോ ഈ പ്രദേശത്ത് പൊതുടാപ്പിലൂടെ ശുദ്ധജല വിതരണം ആരംഭിക്കുകയോ ചെയ്തിട്ടില്ല.പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വേനൽക്കാലത്ത് ജലം പണം കൊടുത്ത് വാങ്ങുകയാണ്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശത്തെ കിണറുകളിൽ മലിനജലം ഉറവയായി ഇറങ്ങുന്നത് മൂലം ശുദ്ധജലം കിട്ടാക്കനിയാണ്.

കഴിഞ്ഞ ദിവസം അന്തരിച്ച ജില്ലാ ജഡ്ജിയായിരുന്ന ആർ. നടരാജൻ ( 74)മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം, കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടർ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.1999ൽ മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവരെ ഇടമലയാർ കേസിൽ അഞ്ചുവർഷം കഠിനതടവിന് ശിക്ഷിച്ച പ്രത്യേക കോടതി ജഡ്ജിയായിരുന്നു ആർ.നടരാജൻ.പാലക്കാട്ടും കോട്ടയത്തും ജില്ലാ ജ‍ഡ്ജിയായിരുന്നു അദ്ദേഹം.

നിയമത്തെ നീതിയോടു ചേർത്ത് വിധി പുറപ്പെടുവിച്ചിരുന്ന ന്യായാധിപനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ആർ.നടരാജൻ. സാധാരണ കുടുംബത്തിൽ ജനിച്ച് നീതിന്യായ രംഗത്തെയും നിയമാധ്യാപന രംഗത്തെയും സവിശേഷ വ്യക്തിത്വമായി അദ്ദേഹം മാറി. കോടതികളിലെത്തുന്ന സാധാരണക്കാർക്ക് സാന്ത്വനമായി മാറുകയായിരുന്നു നടരാജന്റെ വിധികൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *