ഉറ്റസുഹൃത്തുക്കൾ, മൂന്ന് പേർക്കും ഒരുപോലെ സ്തനാര്‍ബുദം

0

കോട്ടയം: അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് യുവതി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഉറ്റ സുഹൃത്തുക്കളായ സോണിയ, രാധിക, മിനി എന്നിവരുടെ കഥ പറഞ്ഞുള്ള ചങ്ങനാശേരി സ്വദേശിനി ലിജി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ചുവളര്‍ന്ന മൂന്ന് പേര്‍ക്കും ഒരുപോലെ അര്‍ബുദ രോഗം പിടിപെട്ടു. ഒരാള്‍ കഴിഞ്ഞ് അടുത്തയാള്‍ എന്ന രീതിയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. രോഗം തീവ്രമായ നാളുകളില്‍ മൂന്നു പേരും പരസ്പരം താങ്ങും തണലുമായെന്ന് ലിജി ഫേസ്ബുക്കില്‍ കുറിച്ചു.

സോണിയക്കാണ് ആദ്യം അര്‍ബുദം പിടിപെട്ടതെന്ന് ലിജി പറയുന്നു. ബ്രെസ്റ്റ് ക്യാന്‍സറായിരുന്നു. നിപ്പിള്‍ ഡിസ്ചാര്‍ജായിരുന്നു ആദ്യ ലക്ഷണം. പിന്നീട് അതേ ബ്രെസ്റ്റില്‍ സിസ്റ്റ് രൂപപ്പെട്ടു. ചങ്ങനാശ്ശേരി ഗവണ്‍മെന്റ് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവടങ്ങളിലായി എഫ്എന്‍എസിയും ബയോപ്‌സിയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ നിന്ന് റിസള്‍ട്ട് കിട്ടാന്‍ 52 ദിവസം വേണ്ടി വന്നു. കുഴപ്പമൊന്നുമുണ്ടായില്ല. എങ്കിലും ഡോക്ടറുടെ നിര്‍ദേശപ്രകാരം മുഴ നീക്കം ചെയ്തു. 2022ല്‍ വലത് ബ്രെസ്റ്റിലും ഒരു മുഴ കണ്ടതിനെ തുടര്‍ന്ന് സര്‍ജറി ചെയ്ത് ബയോപ്‌സിക്ക് വിട്ടു. ഇത്തവണ അര്‍ബുദം സ്ഥിരീകരിച്ചു. ഇതോടെ ബ്രെസ്റ്റ് നീക്കം ചെയ്തു. ചികിത്സാ സമയങ്ങളില്‍ രാധികയും മിനിയും ഒപ്പം നിന്നു.

തൊട്ടുപിന്നാലെ രാധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും കൈവേദനയും കാരണം രാധിക ചികിത്സ തേടുകയായിരുന്നു. അലര്‍ജിയെന്ന് പറഞ്ഞ് കുറച്ച് നാള്‍ മരുന്നു കഴിച്ചു. 2023 ല്‍ ബ്രെസ്റ്റില്‍ തടിപ്പുള്ളതായി ശ്രദ്ധിച്ചു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചു. പിന്നീട് മുഴയും കക്ഷത്തിലെ കഴലകളും സര്‍ജറിയിലൂടെ നീക്കം ചെയ്തു. തുടര്‍ന്ന് 20 റേഡിയേഷനും എട്ടു കീമോയും എടുത്തു. ഇതേ തുടര്‍ന്ന് മുടിയും നഖങ്ങളും എല്ലാം കൊഴിഞ്ഞുപോയി. അതിവേദന കൊണ്ട് പിടഞ്ഞപ്പോഴെല്ലാം സോണിയയും മിനിയും ചേര്‍ത്തുപിടിച്ചു.

രാധികയുടെ ചികിത്സ 2023 ഡിസംബറില്‍ കഴിഞ്ഞ ഉടന്‍ മിനിയുടെ സ്തനത്തിലും മുഴ കാണപ്പെട്ടു. ആദ്യം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. കൂടുതല്‍ സുരക്ഷയ്ക്കായി മുഴ നീക്കം ചെയ്ത് ബയോപ്‌സി നടത്തിയപ്പോള്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കീമോയും റേഡിയേഷനും നിര്‍ദേശിച്ചു. തന്റെ നീണ്ട മുടി പോകുന്നതിന്റെ സങ്കടം സഹിക്കാനാവാതെ ഡോക്ടറുടെ മുമ്പില്‍ ഇരുന്ന് മിനി പൊട്ടിക്കരഞ്ഞു. ഡോക്ടറും കൂട്ടുകാരും ആശ്വാസവചനങ്ങളുമായി ഒപ്പം നിന്നു. മെല്ലെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട മിനി തന്റെ നീണ്ട മുടി കൊഴിഞ്ഞു പോകുന്നതിന് മുമ്പേ മുറിച്ചെടുത്ത് സൂക്ഷിച്ചുവെച്ചു.

സോണിയയ്ക്ക് കീമോ ചെയ്യാത്തത് കൊണ്ട് മുടികൊഴിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്ന് പേരുടെയും ചികിത്സ കഴിഞ്ഞപ്പോള്‍ അവര്‍ ഒരുമിച്ച് വേളാങ്കണ്ണിയില്‍ പോയി തല മൊട്ടയടിച്ചു. സൗഹൃദത്തിന്റെ ആഘോഷമായിരുന്നു അത്. മൂന്ന് പേരും ഒരുമിച്ച് ഒരു തയ്യല്‍ക്കട തുടങ്ങാനുള്ള തിരക്കിലാണിപ്പോള്‍. അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിയുടെ ഹൃദയത്തില്‍ ഇനി ഇവരുടെ കഥ കൂടി പതിയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ലിജിയുടെ കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

 

സൗഹൃദത്തിന്റെ ആകാശം തൊട്ടവര്‍

 

‘നിനക്കാതെ പെയ്ത മഴയില്‍ ഒരുമാത്ര കയറി നില്‍ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി…….ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണ് കൂട്ട് ‘- ബോബി ജോസ് കട്ടിക്കാട്

ഇന്ന് ഞാന്‍ പറയുന്നത് ഒരു അപൂര്‍വ സൗഹൃദത്തിന്റെ കഥയാണ്. സൗഹൃദത്തിന്റെ കൂട്ടുകളെല്ലാം ശരിയായ അളവില്‍ കൂടി ചേര്‍ന്ന അതിമനോഹരമായ ഒരു സുഹൃത്ത് ബന്ധത്തിന്റെ കഥ. വരൂ, ഈ സൗഹൃദത്തിന്റെ പുഴയോരത്ത് അല്‍പനേരം നമുക്ക് കാറ്റേറ്റിരിക്കാം.

ഇവര്‍ സോണിയ, രാധിക, മിനി.

ചങ്ങനാശേരി സ്വദേശികളായ ഇവരുടെ അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ കുടുംബങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ആ സൗഹൃദം പിന്‍തലമുറയും അണയാതെ കാത്തുസൂക്ഷിക്കുന്നു. ഒരുമിച്ചു പഠിച്ചും, കൂട്ടുകൂടിയും, കളിച്ചും, വഴക്കിട്ടും അയല്‍പക്ക സൗഹൃദത്തിലൂടെ വളര്‍ന്ന ബന്ധം വിവാഹം കഴിഞ്ഞ് മൂന്നു സ്ഥലത്തായിട്ടും ഇവര്‍ ഉപേക്ഷിച്ചില്ല. ഇവര്‍ക്കിപ്പോള്‍ പ്രായം 44. മൂന്നുപേരും മികച്ച തയ്യല്‍ക്കാരാണ്. മിനി നഴ്‌സിങ് പഠിച്ചെങ്കിലും അതുപേക്ഷിച്ച് കൂട്ടുകാരുടെ തൊഴിലായ തയ്യലിലേക്ക് തിരിച്ചെത്തുകയായിരുന്നു. ദിവസവും വീഡിയോ കോള്‍ വിളിച്ചും, നേരിട്ട് കണ്ടുമുട്ടിയും, ജന്മദിനങ്ങളും വിവാഹ വാര്‍ഷികവും ആഘോഷിച്ചും, സമ്മാനങ്ങള്‍ കൈമാറിയും ആത്മസൗഹൃദത്തെ ഇവര്‍ ഊട്ടിഉറപ്പിച്ചു. ഇവരുടെ കലര്‍പ്പില്ലാത്ത സ്‌നേഹ സൗഹൃദത്തിന്റെ ആഴംകണ്ട് അസൂയപ്പെടാത്തവര്‍ ചുരുക്കമായിരുന്നു.

ഈശ്വരനും തോന്നി ഇവരോട് ഇത്തിരി അസൂയ. ഒന്ന് പരീക്ഷിച്ചു നോക്കാന്‍ അങ്ങേര് തീരുമാനിച്ചു. ഇവിടെയാണ് കഥയുടെ ട്വിസ്റ്റ് തുടങ്ങുന്നത്. ഓരോരുത്തരായി അര്‍ബുദ രോഗികള്‍ ആകുന്നു! ഒരാളുടെ ചികിത്സ കഴിഞ്ഞ് അടുത്തയാള്‍ക്ക് എന്ന രീതിയില്‍ മൂന്നു പേരും സ്തനാര്‍ബുദരോഗികളായി മാറി.

ആരെയും അത്ഭുതപ്പെടുത്തുന്ന ഇവരുടെ കഥ കേട്ടു കഴിയുമ്പോള്‍ മനസില്‍ വിങ്ങലായി ഒരു ചോദ്യം അവശേഷിക്കും-ആത്മ സൗഹൃദത്തിന്റെ ഇഴയടുപ്പങ്ങളിലേക്ക് എങ്ങനെ അര്‍ബുദ കോശങ്ങള്‍ ഒരുപോലെ മൂവരിലും കയറിക്കൂടി? തികച്ചും മാനുഷികമായ ചിന്തയാണെങ്കിലും ഞാനും ചോദിച്ചു കുറച്ചു ചോദ്യങ്ങള്‍- പ്രിയ സുഹൃത്തിന് അര്‍ബുദം ബാധിച്ചപ്പോള്‍ ബാക്കി രണ്ടു പേരും ഈശ്വരനോട് അവള്‍ അനുഭവിക്കുന്ന യാതനകളും വേദനകളും എനിക്ക് കൂടി തരണേ എന്ന് യാചിച്ചു വാങ്ങിയതാണോ? പരസ്പരം ശുശ്രൂഷിച്ചും സഹായിച്ചും കൂടെ നിന്നപ്പോള്‍ പകര്‍ച്ചവ്യാധി പോലെ ശരീരത്തില്‍ കയറിക്കൂടിയതാണോ? തയ്യല്‍ എന്ന ഒരേ തൊഴില്‍ ചെയ്തതിന്റെ ബാക്കിപത്രമാണോ?? ഏയ്, അതൊന്നുമല്ല…. എന്നാലും…..എല്ലാം യാദൃശ്ചികത ആവാം. ദെവത്തിന്റെ വികൃതിയായി കണ്ടു നമുക്ക് അന്വേഷണം നിര്‍ത്താം. എങ്കിലും വൈദ്യശാസ്ത്രത്തിന് മുന്നില്‍, ഓങ്കോളജിസ്റ്റിന് മുന്നില്‍ ഈ ചോദ്യങ്ങള്‍ വെറുതെ ഇട്ടുതരുന്നു.

കൂട്ടത്തില്‍ ഏറ്റവും ധൈര്യമുള്ള സോണിയക്കാണ് ആദ്യം ബ്രെസ്റ്റ് ക്യാന്‍സര്‍ ഡയഗണൈസ് ചെയ്തത്. നിപ്പിള്‍ ഡിസ്ചാര്‍ജായിരുന്നു ആദ്യ ലക്ഷണം. പിന്നീട് അതേ ബ്രെസ്റ്റില്‍ സിസ്റ്റ് രൂപപ്പെട്ടു. ചങ്ങനാശ്ശേരി ഗവണ്‍മെന്റ് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവടങ്ങളിലായിഎചഅഇ യും ബയോപ്‌സിയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ നിന്ന് റിസള്‍ട്ട് കിട്ടാന്‍ 52 ദിവസം വേണ്ടി വന്നു കുഴപ്പമൊന്നുമുണ്ടായില്ല. എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മുഴ നീക്കം ചെയ്തു. ഏതാണ്ട് ഒരു വര്‍ഷമാകാറായപ്പോള്‍ 2022 സെപ്റ്റംബറില്‍ വലതു ബ്രെസ്റ്റിലും ഒരു മുഴ കണ്ടതിനെ തുടര്‍ന്ന് സര്‍ജറി ചെയ്ത് ബയോപ്‌സിക്ക് വിട്ടു. ഇപ്രാവശ്യം അര്‍ബുദം സ്ഥിരീകരിച്ചു -carcinoma-in-situ തുടക്കമാണ്, എങ്ങും പടര്‍ന്നിട്ടില്ല. അതുകൊണ്ട് ഒന്നുകില്‍ കീമോ ,റേഡിയേഷന്‍ ചെയ്യുക ഇല്ലെങ്കില്‍ ബ്രെസ്റ്റ് ഫുള്‍ നീക്കം ചെയ്യുക എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.തന്റെ അമ്മയ്ക്ക് ബ്രസ്റ്റ് ക്യാന്‍സര്‍ വന്നപ്പോള്‍ കീമോയും റേഡിയേഷനും എടുത്തതിന്റെ ദുരിതങ്ങള്‍ മനസ്സില്‍ നിന്ന് ഇതുവരെ മായാത്തതുകൊണ്ട് ബ്രസ്റ്റ് നീക്കം ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു.അങ്ങനെ 2022 സെപ്റ്റംബറില്‍ ബ്രസ്റ്റ് റിമൂവ് ചെയ്തു.പത്തുവര്‍ഷത്തേക്ക് മെഡിസിന്‍ എടുക്കണം.മെഡിസിന്‍ എടുത്തു തുടങ്ങിയപ്പോള്‍ അതിന്റെ സൈഡ് എഫക്റ്റായി ഷുഗറും മറ്റ് അസുഖങ്ങളും കൂട്ടിന് എത്തി.ചികിത്സയെത്തു തുടര്‍ന്ന് ചെയ്തുകൊണ്ടിരുന്ന ജോലിയും നഷ്ടപ്പെട്ടു.അപ്പോഴും നിരാശയാകാതെ തനിക്കറിയാവുന്ന തയ്യല്‍ ജോലി ചെയ്തു് ഉപജീവനമാര്‍ഗം കണ്ടെത്തുന്നു.സോണിയയും കുടുംബവും ചങ്ങനാശ്ശേരി വട്ടപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്നു. ഭര്‍ത്താവ് ഓട്ടോ ഡ്രൈവറും ലോഡിങ് തൊഴിലാളിയും ആണ്. ചികിത്സാ സമയത്ത് രണ്ടു കൂട്ടുകാരും ഇടം വലം നിന്ന് സഹായിച്ചു.

സോണിയയുടെ ചികിത്സ കഴിഞ്ഞതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും ആയിരുന്നു രാധികയും മിനിയും .അപ്പോഴാണ് തൊട്ടടുത്ത മാസം രാധികയ്ക്ക് പനിയും കൈ വേദനയും പിടികൂടിയത്. ഗവണ്‍മെന്റ് ആശുപത്രിയില്‍ കാണിച്ചു. അലര്‍ജിയാണെന്ന് പറഞ്ഞ് ആറേഴുമാസം മരുന്ന് കഴിച്ചു. കുറവുണ്ടായില്ല. 2023 ജൂലൈ ആയപ്പോള്‍ ബ്രെസ്റ്റില്‍ ഒരു തടിപ്പ് ഉള്ളതായി ശ്രദ്ധിച്ചു. പുഷ്പഗിരിയില്‍ മാമോഗ്രാം ചെയ്തതുമായി മെഡിക്കല്‍ കോളേജ് ചെന്നു .അവിടെ ബയോപ്‌സി ചെയ്യ്ത് ക്യാന്‍സര്‍ സ്ഥിരീകരിച്ചു – ER/PRപോസിറ്റീവ്. പിന്നീട് മുഴയും കക്ഷത്തിലെ കഴലകളും സര്‍ജറിയിലൂടെ നീക്കം ചെയ്തു . തുടര്‍ന്ന് 20 റേഡിയേഷനും എട്ടു കീമോയും എടുത്തു. അതേതുടര്‍ന്ന് മുടിയും നഖങ്ങളും എല്ലാം കൊഴിഞ്ഞുപോയി. അതിവേദന കൊണ്ട് പിടയുമ്പോള്‍ കൂട്ടുകാര്‍ രണ്ടുപേരും ധൈര്യം പകര്‍ന്ന് ഒപ്പം നിന്നു. വര്‍ഷങ്ങളായി ഹൃദയ വാല്‍വിന്റെ തകരാറിനു ചികിത്സ എടുക്കുകൂടി ചെയ്യുന്നുണ്ട് രാധിക. എല്ലാംകൂടി മാനസികമായി തളര്‍ത്തിയെങ്കിലും ഭര്‍ത്താവും മക്കളും കൂട്ടുകാരും ഒപ്പം നിന്നത് വലിയ ആശ്വാസമായി. ഇപ്പോള്‍ ഫോളോ അപ്പും മരുന്നുമുണ്ട് .ഭര്‍ത്താവ് കൂലിപ്പണി ചെയ്യുന്നു. മക്കള്‍ രണ്ടുപേരും പഠിക്കുന്നു.മുട്ടാറാണ് ഇവര്‍ താമസിക്കുന്നത്.

കൂട്ടത്തില്‍ ഏറ്റവും തൊട്ടാവാടി ആയിരുന്നു മിനി .ഭയങ്കര സെന്‍സിറ്റീവ്. പ്രിയപ്പെട്ട കൂട്ടുകാരായ രാധികക്കും സോണിയയ്ക്കും കാന്‍സര്‍ വന്നപ്പോള്‍ ആത്മാര്‍ത്ഥമായി നിന്ന് അവരെ പരിചരിച്ചു. അടുത്തത് തനിക്കാവുമോ എന്ന ചിന്ത മിനിയുടെ മനസ്സിനെ ഉലക്കാതിരുന്നില്ല. രാധികയുടെ ചികിത്സ 2023 ഡിസംബറില്‍ കഴിഞ്ഞ ഉടന്‍ മിനിയുടെ സ്തനത്തിലും വേദനയും മുഴയും കാണപ്പെട്ടു. ചെത്തിപ്പുഴ ആശുപത്രിയിലെ സര്‍ജനെ കണ്‍സള്‍ട്ട് ചെയ്ത് മാമോഗ്രാമും ട്രൂ കട്ട് ബയോപ്‌സിയും ചെയ്തു.റിസള്‍ട്ട് നെഗറ്റീവ്.മൂന്നുപേര്‍ക്കും ഒരുപോലെ ആശ്വാസമായി.എങ്കിലും കൂടുതല്‍ സുരക്ഷയ്ക്കായി മുഴ നീക്കം ചെയ്ത് വീണ്ടും ബയോപ്‌സിക്ക് വിട്ടു. ഇപ്രാവശ്യം പേടിച്ചത് പോലെ തന്നെ സംഭവിച്ചു – ട്രിപ്പിള്‍ നെഗറ്റീവ് കാന്‍സര്‍. ബ്രെസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.പിന്നീട് കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ ഡോക്ടര്‍ ബോബന്‍ തോമസിനെ പോയി കണ്ടു.സര്‍ജറി വേണ്ടെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. പകരം 12 കീമോയും റേഡിയേഷനും നിര്‍ദ്ദേശിച്ചു.തന്റെ നീണ്ട മുടി പോകുന്നതിന്റെ സങ്കടം സഹിക്കാനാവാതെ ഡോക്ടറുടെ മുമ്പില്‍ ഇരുന്ന് മിനി പൊട്ടിക്കരഞ്ഞു.ഡോക്ടറും കൂട്ടുകാരും ആശ്വാസവചനങ്ങളുമായി ഒപ്പം നിന്നു.

 

മെല്ലെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് തന്റെ നീണ്ട മുടി കൊഴിഞ്ഞു പോകുന്നതിനു മുമ്പേ മുറിച്ചെടുത്ത് സൂക്ഷിച്ചുവെച്ചു.ഇപ്പോള്‍ ചികിത്സയൊക്കെ കഴിഞ്ഞ് മുടി മെല്ലെ കിളിര്‍ത്ത് തുടങ്ങിയിട്ടുണ്ട്,ഒപ്പം നിറമുള്ള സ്വപ്നങ്ങളും. മിനിയും ഭര്‍ത്താവും കൂടി ചങ്ങനാശ്ശേരിയില്‍ ജ്യൂസിന്റെയും ഫ്രൂട്‌സിന്റെയും കട നടത്തുകയാണ്.ഒപ്പം തയ്യലും ഉണ്ട്.ചങ്ങനാശ്ശേരി പായിപ്പാടാണ് താമസം. സോണിയയ്ക്ക് കീമോ ചെയ്യാത്തത് കൊണ്ട് മുടികൊഴിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്ന് പേരുടെയും ചികിത്സ കഴിഞ്ഞപ്പോള്‍ അവര്‍ ഒരുമിച്ച് വേളാങ്കണ്ണിയില്‍ പോയി തല മൊട്ടയടിച്ചു.സൗഹൃദത്തിന്റെ ആഘോഷമായിരുന്നു അത്. ഇവരെ തോല്‍പ്പിക്കാന്‍ ഇനി ആര്‍ക്കും ആവില്ല, അവര്‍ക്കല്ലാതെ . 3 പേരും ഒരുമിച്ച് ഒരു തയ്യല്‍ക്കട തുടങ്ങാനുള്ള തിരക്കിലാണിപ്പോള്‍. അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയുടെ ഹൃദയത്തില്‍ ഇനി ഇവരുടെ കഥ കൂടി പതിയട്ടെ.

ബാല്യകാല സൗഹൃദങ്ങള്‍ ആജീവനാന്തം കാത്തുസൂക്ഷിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. ഒരേ മനസ്സോടെ ആത്മാവിനെ തൊട്ടു കടന്നുപോകുന്ന ഈ അപൂര്‍വ സൗഹൃദത്തില്‍ സുഖദുഃഖങ്ങള്‍ ഒരുമിച്ച് പങ്കിടട്ടെ എന്ന് ഈശ്വരന്‍ തീരുമാനിച്ചതാവും. ആത്മസൗഹൃദത്തിന്റെ ആഴമുളക്കാന്‍ ശ്രമിച്ച ഈശ്വരന്‍ ,പക്ഷേ ഇപ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തി നില്‍പ്പുണ്ടാകും. മാരകമായ അസുഖത്തെ നേരിട്ടപ്പോള്‍ ആരും ആരെയും ഒറ്റപ്പെടുത്തിയില്ല, പരസ്പരം കാവലായി … കൂട്ടായി …… ഒന്നു കൂടി ആഴമായ സ്‌നേഹബന്ധങ്ങളിലൂടെ അവര്‍ കടന്നുപോയി. ഈ സൗഹൃദം കാണുമ്പോള്‍ തെല്ല് അസൂയയും കൊതിയും നമുക്കും തോന്നിപ്പോകും, ഇല്ലേ?

ബോബി ജോസ് കട്ടിക്കാടിന്റെ വരികള്‍ തന്നെ കടമെടുത്തുകൊണ്ട് പ്രാര്‍ത്ഥനയോടെ, ആശംസകളോടെ ഈ സുന്ദര സൗഹൃദത്തിന് ആയുരാരോഗ്യങ്ങളും വിജയങ്ങളും നേരുന്നു . ‘ആത്മസുഹൃത്തേ , നീ അരികില്‍ ഉണ്ടാവുക – എന്റെ താബോറിലും, ഗദ്‌സമനിയിലും .പാതിവഴിയില്‍ ആരും ആരെയും വിട്ടു പോകരുതേ.’

ലിജി

Spread the love

Leave a Reply

Your email address will not be published. Required fields are marked *