മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
ആലപ്പുഴ: മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭര്‍ത്താവ് കുട്ടിക്കൃഷ്ണനാണ് കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ജയന്തിയെ സംശയത്തിന്റെ പേരില്‍ കുട്ടികൃഷ്ണന്‍ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നില്‍ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുപതുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
കുട്ടികൃഷ്ണന്റെ പ്രായവും മാതാപിതാക്കളുള്‍പ്പെടെ ആരുടെയും തുണയില്ലാത്തതും പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ഒന്നേകാല്‍ വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നില്‍ ജയന്തിയെ അതിക്രൂരമായി കൊലയ്ക്കിരയാക്കിയ പ്രതി ഇളവ് അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി വി സന്തോഷ് കുമാര്‍ വാദിച്ചു.
ബിഎസ്സി പാസായി നില്‍ക്കുമ്പോഴായിരുന്നു ഗള്‍ഫുകാരനായ കുട്ടികൃഷ്ണനുമായുള്ള വിവാഹം. വിവാഹശേഷം മാന്നാര്‍ ആലുംമൂട് ജംഗ്ഷന് സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസമാരംഭിച്ച കുട്ടികൃഷ്ണന്‍ മകള്‍ ജനിച്ച് ഒരുവര്‍ഷവും രണ്ട് മാസവും കഴിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയത്. ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍വെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയറത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കുറ്റസമ്മതം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ അരുംകൊല പുറംലോകം അറിഞ്ഞത്.
തുടര്‍ന്ന് അറസ്റ്റിലായ കുട്ടി കൃഷ്ണന്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് കേസിന്റെ വിചാരണ നീണ്ടു പോകാന്‍ ഇടയാക്കിയത്. കുട്ടിക്കൃഷ്ണന്‍ ജാമ്യത്തിലിറങ്ങിയശേഷം കൊലപാതകം നടന്ന വീടും വസ്തുവും വിറ്റ പണവുമായാണ് നാടുവിട്ടത്. കേരളത്തിന് പുറത്ത് വ്യാജപ്പേരില്‍ വിലസിയ കുട്ടിക്കൃഷ്ണനെ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം രണ്ട് വര്‍ഷം മുമ്പാണ് പൊലീസ് പിടികൂടിയത്.