കൂട്ടബലാത്സംഗത്തിനിരയാക്കിയ സ്കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കി
സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ സ്കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് വെള്ളിയാഴ്ച്ച വീടിനുള്ളിൽവച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച സ്കൂളിൽവച്ച് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നും പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ച സ്കൂൾ വിട്ടതിന് ശേഷം സഹപാഠികളായ നാലുവിദ്യാർഥികൾ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഓരോരുത്തരും കുട്ടിയെ മാറിമാറി പീഡിപ്പിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങളും വിദ്യാർഥികൾ ഫോണിൽ പകർത്തിയിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.
ചൊവ്വാഴ്ച അമ്മയോടാണ് അതിക്രമത്തെക്കുറിച്ച് പെൺകുട്ടി ആദ്യം വെളിപ്പെടുത്തിയത്. എന്നാൽ, വീട്ടുകാർ അന്ന് സംഭവം പോലീസിൽ അറിയിച്ചില്ല. തുടർന്നുള്ള ദിവസങ്ങളിൽ പെൺകുട്ടി പതിവുപോലെ സ്കൂളിൽ പോവുകയും ചെയ്തു. എന്നാൽ, വ്യാഴാഴ്ച ക്ലാസിലെത്തിയ പെൺകുട്ടിയെ പ്രതികളായ സഹപാഠികൾ ബലാത്സംഗദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. എന്നാൽ, പെൺകുട്ടി ഇതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച ക്ലാസിൽ പോകാതിരുന്ന പെൺകുട്ടി വീട്ടിനുള്ളിൽ ജീവനൊടുക്കുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സഹപാഠികളായ നാലുപേർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.