എം.ടി രമേശിനെതിരെ വെളിപ്പെടുത്തലുമായി: എ.കെ നസീര്‍

0

കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എംടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി മുന്‍ ബിജെപി നേതാവ്. മെ‍ഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ തയാറാണെന്നും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാല്‍ ഇടത് സര്‍ക്കാരിന്‍റെ പൊലീസ് അന്വേഷിച്ച് തളളിക്കളഞ്ഞ കേസില്‍ ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് എംടി രമേശ് പ്രതികരിച്ചു. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന കാലത്ത് സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍.

പാര്‍ട്ടിയോട് പിണങ്ങി നസീര്‍ സിപിഎമ്മില്‍ ചേര്‍ന്നത് സമീപകാലത്താണ്. എന്നാല്‍ മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായാണ് നസീര്‍ ഇപ്പോള്‍ രംഗത്തു വരുന്നത്. പാലക്കാട് ചെര്‍പ്പുളശേരിയിലുളള സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് പാര്‍ട്ടി നേതാവ് എംടി രമേശ് കോഴ വാങ്ങിയെന്നാണ് നസീറിന്‍റെ ആരോപണം. കോഴക്കാര്യം മുന്‍ സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിളളയടക്കം നേരിട്ട് മനസിലാക്കിയിട്ടും നടപടിയുണ്ടായില്ല. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് സംസ്ഥാന സമിതി അംഗമായിരുന്ന ആര്‍എസ് വിനോദ് കോഴ വാങ്ങിയ സംഭവത്തിന്‍റെ അന്വേഷണത്തിലാണ് എംടി രമേശ് കോഴ വാങ്ങിയതിനെ കുറിച്ചുളള ആദ്യ സൂചനകള്‍ കിട്ടിയത്.

പക്ഷേ കോഴ വാങ്ങിയവര്‍ക്കെതിരെയല്ല അത് അന്വേഷിച്ചു കണ്ടെത്തിയവര്‍ക്കെതിരെയാണ് പാര്‍ട്ടി പിന്നീട് നീങ്ങിയതെന്നും നസീര്‍ ആരോപിക്കുന്നു. കേസില്‍ ഇനിയും അന്വേഷണം ഉണ്ടായാല്‍ കോഴയുടെ തെളിവുകളടക്കം കൈമാറുമെന്നും നസീര്‍ അവകാശപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *