ശിവജി പ്രതിമ തകർന്ന സംഭവം :പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നോ എന്ന് ഹൈക്കോടതി

0

 

മുംബൈ: ഓഗസ്റ്റിൽ തകർന്നു വീണ ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് സിന്ധുദുർഗ് ജില്ലയിലെ മാൽവാനിലെ സ്ഥലത്ത് ഇന്ത്യൻ നാവികസേനയോ സംസ്ഥാന പൊതുമരാമത്ത് വകുപ്പോ (പിഡബ്ല്യുഡി) പരിശോധന നടത്തിയിരുന്നോ എന്ന് ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു.
35 അടി പ്രതിമയുടെ ശിൽപി ജയദീപ് ആപ്‌തെ അഭിഭാഷകൻ ഗണേഷ് സോവാനി മുഖേന സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ എസ് കിലോർ. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആപ്‌തെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കിലോർ സംസ്ഥാന സർക്കാരിനോട് വിശദാംശങ്ങൾ തേടുകയും വാദം കേൾക്കുന്നത് ഡിസംബർ 9 ലേക്ക് മാറ്റുകയും ചെയ്തു.

മാൽവാനിലെ രാജ്‌കോട്ട് കോട്ടയിൽ 2023 ഡിസംബർ 4 ന് ഉദ്ഘാടനം ചെയ്ത പ്രതിമ തകർന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ട്രക്ചറൽ കൺസൾട്ടൻ്റിന് ഈ മാസം ആദ്യം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.നിർമാണം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതിമ തകർന്നത് പ്രഥമദൃഷ്ട്യാ പ്രവൃത്തിയുടെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നുവെന്ന് സെഷൻസ് കോടതി നിരീക്ഷിച്ചു.മെറ്റലർജിയിൽ വൈദഗ്ധ്യം ഇല്ലാത്ത ഒരു സിവിൽ എഞ്ചിനീയർ തിടുക്കത്തിൽ എഫ്ഐആർ ഫയൽ ചെയ്തതാണെന്നും ഒരു ശാസ്ത്രീയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലല്ല കേസെന്നും പരിഗണിക്കുന്നതിൽ സെഷൻസ് കോടതി പരാജയപ്പെട്ടുവെന്ന് ആപ്‌തെ തൻ്റെ ഹർജിയിൽ അവകാശപ്പെട്ടു.

പ്രതിമയുടെ ശിൽപി ജയദീപ് ആപ്‌തെ (24 ) കല്യാണിൽ സ്വന്തമായി ചിത്ര- ശിൽപ്പ നിർമ്മാണ സ്ഥാപനം നടത്തുന്ന കലാകാരനാണ് . ഏകദേശം രണ്ടരക്കോടി ചെലവഴിച്ചാണ് തകർന്നുവീണ 35 അടി ഉയരമുള്ള ശിവാജി മഹാരാജ് പ്രതിമ നിർമ്മിച്ചത്.കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *