മന്ത്രവാദത്തിലൂടെ സ്വർണ്ണം ഇരട്ടിപ്പിക്കൽ / പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം
കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്ന് ഒന്നര വര്‍ഷത്തിനിപ്പുറം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. അബ്ദുല്‍ ഗഫൂര്‍ ഹാജി കൊല്ലപ്പെട്ടത് തലക്കടിയേറ്റിട്ടാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കേസില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി ഷമീമ എന്ന ജിന്നുമ്മ, രണ്ടാം ഭര്‍ത്താവ് ഉവൈസ്, പൂച്ചക്കാട്ടെ അസ്‌നിഫ, മധൂരിലെ ആയിഷ എന്നിവരാണ് അറസ്റ്റിലായത്.
2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടിനകത്തെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഈ സമയം ഭാര്യയും മക്കളും ബന്ധുവീട്ടിലായിരുന്നു .സ്വാഭാവികമരണമെന്ന് കരുതി മൃതദേഹം പൂച്ചക്കാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തു.എന്നാല്‍ അബ്ദുല്‍ ഗഫൂര്‍ 12 ബന്ധുക്കളില്‍ നിന്നും സ്വരൂപിച്ച 596 പവന്‍ സ്വര്‍ണ്ണം വീട്ടില്‍ നിന്നും കാണാതായെന്ന് പരിശോധനയില്‍ മനസ്സിലായതോടെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്.
ഇതോടെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് ഏപ്രില്‍ 28ന് അബ്ദുല്‍ ഗഫൂറിന്റെ മൃതദേഹം പൂച്ചക്കാട് മസ്ജിദ് ഖബര്‍ സ്ഥാനത്തില്‍ നിന്നും പുറത്തെടുക്കുകയും ആര്‍. ഡി.ഒയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുകയും ചെയ്തു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നില്ല.
ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയക്കുകയും ചെയ്തു. അബ്ദുല്‍ ഗഫൂറിന്റെ മരണം സംബന്ധിച്ച് ബേക്കല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തിയിരുന്നു.
പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈബ്രാഞ്ച് നടത്തിയ രഹസ്യനീക്കങ്ങളിലൂടെയാണ് പ്രതികളെ കണ്ടെത്തിയത് .
സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തി. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം . ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവൻ സ്വർണ്ണമാണ് സംഘം തട്ടിയെടുത്തത്.ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു മരണപ്പെട്ട അബ്ദുൽ ഗഫൂർ ഹാജി .