സ്മാർട്ട് സിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാനില്ലാ എന്ന് ടീകോം / വിവാദങ്ങൾ വീണ്ടും തിരിച്ചുവരുന്നു
എറണാകുളം: കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതിക്ക് വേണ്ടി ടീകോമിന് കൈമാറിയ ഭൂമി സർക്കാർ തിരിച്ചെടുക്കുന്നു . പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് ടീകോം അറിയിച്ച പശ്ചാത്തലത്തിലാണ് കൈമാറിയ 246 ഏക്കർ ഭൂമി തിരിച്ചു പിടിക്കുന്നത്. സർക്കാരിനും ടികോമിനും സ്വീകാര്യമായ രീതിയിലാകും ഭൂമി തിരിച്ചെടുക്കുക. ടീകോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം തയാറാക്കുമെന്നും സര്‍ക്കാർ അറിയിച്ചു. ടീകോമിനു നല്‍കേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെന്‍ഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരിച്ചെടുക്കുന്ന ഭൂമി മറ്റ് വികസനാവശ്യങ്ങൾക്ക് വിനിയോഗിക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അറിയിച്ചു. ഇതുസംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിക്കുന്നതിന് ഐടി മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ, ഒ കെ ഐ എച്ച് (ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്) എം ഡി ഡോ ബാജൂ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, കേരള ചരിത്രത്തിലെ ഒരു പ്രധാന രാഷ്ട്രീയ അഴിമതിയുടെ സ്മാരകമാണ് മരണാസന്നമായ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെന്ന് കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാനായിരുന്ന ചെറിയാൻ ഫിലിപ്പ് പറഞ്ഞു.2011 ഫെബ്രുവരി 2 ന് കേരള സർക്കാരും ദുബായി കമ്പനിയും തമ്മിലുണ്ടാക്കിയ കരാർ ഒരു റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു. കൊച്ചിയിലെ കാക്കനാട് സർക്കാർ അക്വയർ ചെയ്ത കണ്ണായ സ്ഥലത്തെ 246 ഏക്കർ ഭൂമി തുച്ഛമായ വിലയ്ക്കാണ് ടീകോം കമ്പനിക്ക് കുത്തക പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സർക്കാരിന് സംയുക്ത സംരംഭത്തിൽ 16 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണ് ലഭിച്ചത്.16 ശതമാനം മാത്രം ഓഹരി പങ്കാളിത്തമുള്ള കേരള സർക്കാരിന് സ്മാർട്ട് സിറ്റി ഭരണ സമിതിയിൽ വേണ്ടത്ര നിയന്ത്രണാധികാരമില്ല. ടീകോം കമ്പനിയുടെയും മാതൃകമ്പനിയായ ദുബായ് ഹോൾഡിംഗ്സിന്റെയും ഉടമസ്ഥതയിലും നേതൃത്വത്തിലും ഇതിനകം മാറ്റമുണ്ടായിട്ടുണ്ട്. കൊച്ചി സ്മാർട്ട് സിറ്റിയുടെ കാര്യത്തിൽ സർക്കാർ വെറും കാഴ്ചക്കാരൻ മാത്രമായതിനാൽ മുതൽ മുടക്കാൻ പുതിയ കമ്പനികൾ വിമുഖത കാട്ടുകയാണ് എന്നും അദ്ദേഹം പറഞ്ഞു .
എന്നാൽ കൊച്ചി സ്മാർട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ലാ എന്നും ഭൂമിക്കായി 100 കമ്പനികൾ കാത്തുനിൽക്കുന്നു എന്നും വ്യവസായ മന്ത്രി രാജീവ് പറഞ്ഞു.കേരളം മൊത്തത്തില്‍ സ്മാര്‍ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു .
ഒരുകാലത്ത്, കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയ പദ്ധതിയാണ് കൊച്ചി- സ്മാർട്ട് സിറ്റി. ടീകോം പിന്മാറിയതോടെ പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ.
’ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ടറി’ (ഫിക്കി )യുടെ സഹകരണത്തോടെ കേരളസർക്കാർ മുംബൈയിലെ നിക്ഷേപകരെ ലക്‌ഷ്യം വെച്ചുകൊണ്ട് നടത്തുന്ന
‘ROADSHOW WITH INVESTORS IN MUMBAI’ ഇന്ന് വൈകുന്നേരം 6 മണിക്ക് ഹോട്ടൽ ലീലയിൽ വെച്ച് നടക്കുന്നുണ്ട് .കേരള സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി .രാജീവ് പങ്കെടുന്ന പ്രസ്തുതപരിപാടിയിൽ ‘സ്മാർട്ട് സിറ്റി’ ചർച്ചാ വിഷയമാകും.