പുഷ്പ 2 പ്രീമിയറിനിടെ അപകടം: തിരക്കില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ‘പുഷ്പ 2’ പ്രീമിയര്‍ ഷോ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം. തിരിക്കലും തിരക്കിലുംപെട്ട് ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്. കുടുംബത്തോടൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജ് (9), സാന്‍വിക (7) എന്നിവര്‍ക്കും പരിക്കേറ്റു. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
രേവതിക്ക് സംഭവ സ്ഥലത്തുവെച്ചുതന്നെ സിപിആര്‍ നല്‍കിയ ശേഷം വിദ്യാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. റിലീസിനോടനുബന്ധിച്ച് അര്‍ദ്ധരാത്രി മുതല്‍ റോഡുകളെല്ലാം ഫാന്‍സ് കയ്യടക്കിയിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ട്രാഫിക് തടസ്സവും നേരിട്ടു. ഈ സമയം പുഷ്മ താരം അല്ലു അര്‍ജ്ജുന്‍ തിയറ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 ഐമാക്‌സ് സ്‌ക്രീനിലടക്കം വമ്പന്‍ റിലീസായി ആണ് എത്തുന്നത്. ആഗോള തലത്തില്‍ 12500 സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. ചിത്രം ഇതിനകം 100 കോടിയുടെ പ്രീ സെയില്‍ നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.