വീണയ്ക്ക് എസ് എഫ് ഐ ഒയുടെ സമൻസ്: സാമ്പത്തിക ഇടപാടുകൾ വിശദീകരിക്കണം
തിരുവനതപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് എസ്എഫ്ഐഒയുടെ സമൻസ്. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകൾ വിശദീകരിക്കണമെന്ന് നിർദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമൻസ് അയച്ചിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് സമൻസ് നൽകിയത്.
എക്സാലോജിക്-സിഎംആർഎൽ ഇടപാടുകൾ സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടാണ് അന്വേഷണ ഏജൻസി സമൻസ് നൽകിയിരിക്കുന്നത്. കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകൾക്കൊപ്പം സമൻസും ഹാജരാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കർണാടക ഹൈക്കോടതി വീണയുടെ ഹർജി പരിഗണിക്കുക.
അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാറിനെയും എസ്എഫ്ഐഒ ഡയറക്ടറെയും എതിർ കക്ഷികളാക്കിയാണ് എക്സാലോജിക്കിന്റെ ഹർജി.