കാറ്റിലും മഴയിലും മലപ്പുറത്ത് KSEB ക്ക് 8.87 കോടി രൂപയുടെ നാശനഷ്ടം
മലപ്പുറം: കാറ്റിലും മഴയിലും കെ എസ് ഇ ബിക്കുണ്ടായത് 8.87 കോടി രൂപയുടെ നാശനഷ്ടം. മഞ്ചേരി, തിരൂർ, നിലമ്പൂർ എന്നീ മൂന്ന് സർക്കിളുകളിലായിട്ടാണ് ഒന്നര മാസത്തിനിടെ നഷ്ടം സംഭവിച്ചത്. ജൂൺ മുതൽ ജൂലൈ 26 വരെയുള്ള കണക്കു മാത്രമാണിത്. 12 ട്രാൻസ്ഫോർമറുകൾ, 120 എച്ച്.ടി വൈദ്യുതി തൂണുകളും, 951 എൽ.ടി വൈദ്യുതി തൂണുകളും, 107 എച്ച്.ടി വൈദ്യുതി കമ്പികളും, 3631 എൽ.ടി വൈദ്യുതി കമ്പികളും തകർന്നിട്ടുണ്ട്.
തിരൂർ, പൊന്നാനി, തിരൂരങ്ങാടി എന്നീ മേഖലകൾ ഉൾപ്പെട്ട തിരൂർ സർക്കിളിലാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. തിരൂരിൽ മാത്രം 5.23 കോടി രൂപയുടെ നഷ്ടം കെ.എസ്.ഇ.ബിക്ക് സംഭവിച്ചിട്ടുണ്ട്. 53 എച്ച്.ടി തൂണുകളും 520 എൽ.ടി തൂണുകളും ഇവിടെ തകർന്നു. അഞ്ച് ട്രാൻസ്ഫോർമറുകൾ തകരാറിലായി. 31 എച്ച്.ടി വൈദ്യുതി കമ്പികളും 2066 എൽ.ടി വൈദ്യുതി കമ്പികളും കാറ്റിൽ നിലംപൊത്തി. മഞ്ചേരി, കൊണ്ടോട്ടി, പെരിന്തൽമണ്ണ മേഖലകൾ ഉൾപ്പെടുന്ന മഞ്ചേരി ഡിവിഷനാണ് പട്ടികയിൽ രണ്ടാമത്. ഇവിടെ 2.17 കോടി രൂപയുടെ നഷ്ടമുണ്ടായി. 33 എച്ച്.ടി വൈദ്യുതി തൂണുകളും 262 എൽ.ടി തൂണുകളും മഴയിൽ കടപുഴകി. 53 എച്ച്.ടി വൈദ്യുതി കമ്പികളും 985 എൽ.ടി വൈദ്യുതി കമ്പികളും കാറ്റിൽ പൊട്ടി വീണു. മഞ്ചേരിയിൽ ഏഴ് ട്രാൻസ്ഫോർമറുകളാണ് തകർന്നത്.
നിലമ്പൂർ, വണ്ടൂർ മേഖലകൾ ഉൾപ്പെട്ട നിലമ്പൂർ സർക്കിളിൽ 1.47 കോടി രൂപയുടെ നഷ്ടവും റിപ്പോർട്ട് ചെയ്തു. 34 എച്ച്.ടി വൈദ്യുതി തൂണുകളും 169 എൽ.ടി വൈദ്യുതി തൂണുകളും കാറ്റിൽ തകർന്നു. 23 എച്ച്.ടി വൈദ്യുതി കമ്പികളും 580 എൽ.ടി വൈദ്യുതി കമ്പികളും കാറ്റിൽ മരം വീണ് പൊട്ടി. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന കേന്ദ്രങ്ങളിലെല്ലാം തൂണുകളും കമ്പികളും പുനഃസ്ഥാപിച്ചിട്ടുണ്ട്. മഴക്കാലമെത്തിയതോടെ മലപ്പുറം കലക്ടറേറ്റിലും ജില്ലയിലെ മൂന്ന് സർക്കിൾ കേന്ദ്രങ്ങളിലും 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.