ഫെങ്കൽ ചുഴലിക്കാറ്റ് :ചെന്നൈ വിമാനത്താവളം വൈകുന്നേരം ഏഴ് മണി വരെ അടച്ചിടും.
ന്യുഡൽഹി :: തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ചെന്നൈ വിമാനത്താവളത്തിൽ ഇന്ന് വൈകിട്ട് 7 മണി വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിക്കുന്ന ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് പുതുച്ചേരിയിൽ കരകയറിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്‌നാട് സർക്കാർ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു, ഐടി കമ്പനിജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യും.. ഈസ്റ്റ് കോസ്റ്റ് റോഡിലും പഴയ മഹാബലിപുരം റോഡിലും ഇന്ന് ഉച്ചയ്ക്ക് ശേഷം പൊതുഗതാഗത സേവനങ്ങൾ നിർത്തിവയ്ക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് ചെന്നൈയിലെ കൺട്രോൾ റൂമിൽ ചുഴലിക്കാറ്റ് ഒരുക്കങ്ങൾ അവലോകനം ചെയ്തു.
കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ റോഡുകൾ വെള്ളത്തിനടിയിലായതിനാൽ നിലവിൽ ഗതാഗത തടസ്സം തുടരുകയാണ്. ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം കരയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാൻ സർക്കാർ നിർദ്ദേശിച്ചു.
164 കുടുംബങ്ങളിലെ 471 പേരെ തിരുവള്ളൂർ, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ബോട്ടുകൾ, ജനറേറ്ററുകൾ, മോട്ടോർ പമ്പുകൾ, ആവശ്യമായ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുകയും എൻഡിആർഎഫ്, സംസ്ഥാന റെസ്ക്യൂ ടീമുകളെ ദുർബല പ്രദേശങ്ങളിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.