പുതിയ എഴുത്തുകാർക്ക് പിടക്കോഴിയുടെ വിധി-എസ് .ജോസഫ്

0

 

മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് എസ്. ജോസഫ്.മികച്ച കവിതക്കുള്ള കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ്, 2012-ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച കവിതയ്ക്കുള്ള പുരസ്കാരം, 2015-ലെ ഓടക്കുഴൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്

വർത്തമാനകാലത്ത് എഴുത്തുകാർ നേരിടുന്ന പ്രതിസന്ധിയും എഴുത്തുകാരനായി അറിയപ്പെടാനുള്ള അഭിവാഞ്ഛയും പ്രസിദ്ധീകരണ മേഖലകളിൽ വരുന്ന മാറ്റങ്ങളും അപചയങ്ങളും പുസ്‌തക പ്രകാശനങ്ങളുടെ രീതിയെയുമൊക്കെ അൽപ്പം വിമർശനാത്മകമായി തൻ്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെക്കുകയാണ്  എസ് .ജോസഫ്.

 

കവി എസ് ജോസഫിൻ്റെ
ഫേസ്ബുക്ക് പോസ്റ്റ്

ഇന്നത്തെ പുതിയ എഴുത്തുകാരുടേത് പിടക്കോഴിയുടെ വിധിയാണ്. മുട്ടയിട്ടുകഴിഞ്ഞാൽ അക്കാര്യം വിളിച്ചു കൂവുകയാണ് പിട. അതു മാതിരിയാണ് FB യിൽ നമ്മളെല്ലാം. നമ്മുടെ ഒരു കവിത മാസികയിൽ വന്നാൽ എൻ്റെ കവിത വന്നേ എന്ന് നമ്മൾ തന്നെ വിളിച്ചു പറയുന്നു. ഇംഗ്ലീഷിൽ എങ്ങാനും വിവർത്തനം ചെയ്തുവന്നാൽ ഒച്ചകൂടും. നമ്മൾ എവിടെയെങ്കിലും പോയാൽ ആ വിവരം തെളിവുസഹിതം വിളിച്ചു പറയുന്നു. പുസ്തകങ്ങളുടെ പ്രളയമാണിപ്പോൾ . ഇക്കണ്ട പുസ്തകങ്ങൾ വാങ്ങാൻ പണമെവിടെ ? ഇതെല്ലാം ഒരലമാരയിൽ വച്ചാൽ എത്ര നേരം നോക്കിയാലാണ് കിട്ടുക ? പലപ്പോഴും കിട്ടാതെ പിന്തിരിയേണ്ടി വന്നിട്ടുണ്ട് ? ആരാണ് ഇന്നത്തെ പുസ്തകങ്ങൾ വാങ്ങി വായിക്കുന്നവർ ? അത്ര ഉദാരമതികൾ ആരാണ് ? അത്ര പണമുള്ളവർ ആരാണ് ? വാങ്ങിയാൽത്തന്നെ അതൊക്കെ വായിക്കാൻ സമയമുണ്ടോ ? T V കാണൽ , ഫോൺ വിളി , സിനിമാ കാണൽ , ശൃംഗാരം , അശന ശയനങ്ങൾ എല്ലാം കഴിഞ്ഞ് വായിക്കാൻ നേരം കിട്ടുന്നുണ്ടോ ? ഞാൻ വായിക്കാത്ത എത്രയോ ഇംഗ്ലീഷ് പുസ്തകങ്ങൾ എൻ്റെ അലമാരയിൽ ഇരിക്കുന്നു. ലോകോത്തരമായവ. അർത്ഥം അറിയാത്ത വാക്കുകളാണ് അവയിൽ പലതും. ആദ്യത്തെ പത്തുപേജ് കടക്കാൻ പറ്റാത്തതിനാൽ ഞാൻ വായിച്ചു തീർക്കാത്ത കുറെ മലയാള പുസ്തകങ്ങളും ഉണ്ട്.( എൻ്റെ കുറവും ഉണ്ടാകാം ) വാക്കുകളുടെയെല്ലാം അർത്ഥമറിയാം. എന്നിട്ടും മനസിലാകുന്നില്ല. ഒരു സ്കോപ്പുമില്ലാത്ത കവിതപ്പുസ്തകങ്ങൾ നിരവധിയുണ്ട്.
മുമ്പൊക്കെ പബ്ലീഷേഴ്സായിരുന്നു പരസ്യം കൊടുക്കുന്നത്. അന്നൊക്കെ പ്രസിദ്ധീകരണ സൗകര്യം ചുരുങ്ങിയതായിരുന്നു. ഇന്ന് എത്ര വിളിച്ചു കാറിയാലും ഏതാനും പേർ മാത്രമേ അറിയുകയുള്ളു. ‘ഖസാക്കിൻ്റെ ഇതിഹാസം’ മാതൃഭൂമിയിൽ വന്ന കാലത്ത് ( ഞാൻ ആ ലക്കങ്ങൾ കണ്ടിട്ടുണ്ട് ) അന്നത്തെ വായനാ സമൂഹം അത് തുടർച്ചയായി വായിക്കുകയും ആ നോവൽ അവരെ സ്വാധീനിക്കുകയും ചെയ്തിരുന്നു. എഡിറ്റേഴ്സിൻ്റെ തിരഞ്ഞെടുപ്പും ഷാർപ്പ് എഡിറ്റിംഗും ഒരു കാലത്ത് കൃതികളെ മൂല്യവത്താക്കി. പുതിയ കാലത്തെ പ്രസിദ്ധീകരണ സാധ്യതകൾ മൂലം സാഹിത്യം എഡിറ്ററെ ഒഴിഞ്ഞു പോകുന്നു . നിരൂപകർ എഴുത്തുകാരെ പുകഴ്ത്തി ജീവിക്കുന്നു . വിമർശകർ സൈബീരിയയിൽ തണുപ്പടിച്ച് ചാകുകയാണ്. സൃഷ്ടികൾ എല്ലാം ഫാക്ടറി പ്രോഡക്ടുപോലെ ഒരേ രൂപം കൈക്കൊള്ളുന്നു. സാധ്യതകളുടെ ലോകം സത്യത്തിൽ പരിമിതികളുടെ ലോകമാകുന്നു. നല്ല കവി എന്നൊരാൾ ഇല്ല. ഗംഭീര കവിതകൾ എഴുതി പ്രശസ്തരായ വലിയ കവികൾ എഴുതുന്നതൊന്നും ഏശുന്നില്ല. ഇതുമൂലം ചില കവികൾ നിശ്ശബ്ദതയിലേക്കോ ചില കവികൾ നോവൽ രചനയിലേക്കോ പോകുന്നു. എഴുത്ത് നിലയ്ക്കുകയാണ്. എല്ലാവരും എഴുത്തുകാരായ സ്ഥിതിക്ക് നമുക്ക് എഴുത്ത് നിർത്താവുന്നതാണ്. നമ്മൾ എന്തു കാര്യങ്ങൾ പറഞ്ഞാലും ആരും ശ്രദ്ധിക്കില്ല. ഏതെങ്കിലും തരത്തിൽ വിവാദങ്ങൾ ഉണ്ടാക്കാതെ രക്ഷയില്ല. മന്ദബുദ്ധികൾക്കായിട്ടാണ് ഗാനകവിതകളെ മാധ്യമങ്ങൾ ആഘോഷിക്കുന്നത്. ജനസാമാന്യം സാഹിത്യ കലകളെ അമിതമായി നിയന്ത്രിക്കുന്നു. എഴുത്തുകാർ വായനക്കാർക്കു വേണ്ടി എഴുതുന്നു. എഴുത്തുകാർ വായനക്കാരുടെ അടിമകളാകുന്നു. അങ്ങനെ സാഹിത്യം ജനാധിപത്യപരമാകുന്നു. സാഹിത്യം അങ്ങനെ അന്നന്നത്തെ ജീവിതം കഴിച്ചു കൂട്ടുന്നു. എന്തും തുല്യമാകുന്നു. അതുല്യത ഇല്ലാതാകുന്നു. Classic കൃതികൾ വേണ്ടാതാകുന്നു. High , Low അന്തരം ഇല്ലാതാവുകയല്ല , Low യുടെ വ്യാപനമുണ്ടാവുകയാണ് ചെയ്തത്. നോവലുകൾ രൂപത്തെ പരിഗണിക്കുന്നില്ല. എല്ലാ നോവലിസ്റ്റുകളും ഒരു നോവൽ സ്വേച്ഛയാ എഴുതും. പിന്നെ അവരെക്കൊണ്ട് വിപണി എഴുതിക്കും. പുതു കവിതയുടെ മരണം സംഭവിച്ചു കഴിഞ്ഞു. ആയതിനാൽ കൂടുതൽ ഒന്നും എഴുതുന്നില്ല. കുറച്ചാളുകൾ വായിച്ചേക്കാം എന്നുകരുതി കുറേക്കാലം കൂടി എന്തെങ്കിലും എഴുതും . അത്രമാത്രം!.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *