പ്രിയങ്ക ​ഗാന്ധി ഇന്നും നാളെയും വയനാട്ടിൽ

0

വയനാട്: എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രിയങ്ക ഗാന്ധി ആദ്യമായി വയനാട് മണ്ഡലത്തിലെത്തുന്നു. ഇന്നും നാളെയും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രിയങ്കക്കൊപ്പമെത്തും. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്നത്തെ പരിപാടികൾ. രാവിലെ 11.30ഓടെ കരിപ്പൂരിലെത്തുന്ന പ്രിയങ്ക മുക്കത്തെ പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. ഉച്ചയ്ക്ക് ശേഷം കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലും നാളെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലും പരിപാടികളിൽ പങ്കെടുക്കും.

വയനാട് എംപിയായി വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേര്‍ എംപിമാരാണെന്ന പ്രത്യേകതയും ഗാന്ധി കുടുംബത്തിനുണ്ട്.

രാഹുൽ ഗാന്ധി റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ അംഗമാണ്. സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. രാഹുലിന്‍റേയും സോണിയയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക സജീവമാകുന്നത്. പിന്നീട് 2019 ല്‍ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയേറ്റെടുക്കുകയും ഒരു വർഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് വരികയുമായിരുന്നു. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *