കൊടകര കുഴൽപ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി വി.കെ രാജു പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ഉണ്ണികൃഷ്ണൻ വഴി കോടതിയെ സമീപിച്ചത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആറ് ചാക്കുകളിലാക്കിയായിരുന്നു കൊണ്ടുവന്നിരുന്നത്. കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു വന്നത്.
കൊടകര കള്ളപ്പണക്കേസില്‍ പ്രധാന ആരോപണം നേരിടുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രനെ പ്രതിചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമായിരുന്നു ചെയ്തത്.പണം കൊണ്ടുവന്ന ധര്‍മരാജനുമായി സുരേന്ദ്രന് ബന്ധമുണ്ടായിരുന്നുവെന്ന് തിരൂര്‍ സതീഷ് മൊഴി നല്‍കിയിരുന്നു. തന്നില്‍ നിന്നും മതിയായ മൊഴിയെടുക്കലുകള്‍ അന്വേഷണസംഘം നടത്തിയിട്ടില്ല എന്ന് തിരൂര്‍ സതീഷ് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ വെളിപ്പെടുത്തലുകള്‍ വന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് ഉണ്ടായിരുന്നതെന്ന് തിരൂര്‍ സതീഷ് ആരോപിച്ചിരുന്നു.
സത്യമായിട്ടുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും മൊഴി രേഖപ്പെടുത്താന്‍ ഇനി പോലീസ് വന്നാലും തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോടുപറയുമെന്നും ആശങ്കളും പേടികളും ഉണ്ടെങ്കിലും പറഞ്ഞ സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തിരൂര്‍ സതീഷ് പ്രതികരിച്ചു.