ശബരിമലയിൽ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ

0

പത്തനംതിട്ട: ശബരിമലയിൽ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ. 9,13,437 ഭക്തർ 12 ദിവസം കൊണ്ട് എത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 3.5 ലക്ഷം ഭക്തർ അധികമെത്തിയെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. 12 ദിവസം കൊണ്ട് 5.89 കോടി അധിക വരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

ഇത്തവണത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളും പ്രശ്നങ്ങളും ഒന്നുമുണ്ടായിട്ടില്ല. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചർച്ച നടത്തിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അനാചാരങ്ങൾ അവസാനിപ്പിക്കാൻ നടപടി തുടങ്ങും.

മഞ്ഞൾപ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. അനാചാരങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തും. ജീവനക്കാരെ നിയോഗിക്കും. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കാര്യങ്ങൾ പഠിച്ചാണ് പൊലീസ് ഇത്തവണ പ്രവർത്തിക്കുന്നതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

ശബരിമലയിലെത്തുന്ന കുട്ടികളുടെ സുഗമദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബേർഡ് കഴിഞ്ഞവർഷം ആരംഭിച്ച പ്രത്യേക ഗേറ്റ് സംവിധാനം തീർത്ഥാടകർക്ക് ആശ്വസമാവുകയാണ്. കൊച്ചയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കും പതിനെട്ടാം പടി കയറി മുകളിലെത്തിയശേഷം ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ഭഗവാന്റെ മുന്നിലേക്ക് നേരിട്ട് എത്താം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *