കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ സ്വഗതം ചെയ്തത്. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപി കൂടിയാണ് പ്രിയങ്ക.
ഇനിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പ്രിയങ്കയുടെ സാന്നിദ്ധ്യം കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് മറ്റ് കോണ്‍ഗ്രസ് എംപിമാര്‍ പറയുന്നത്. വയനാടിന്റെ പുനരധിവാസമാണ് തന്റെ പ്രധാന അജണ്ടയെന്നും അതിനായി മുന്നോട്ട് പോകുമെന്നും പ്രിയങ്ക നേരത്തേ പറഞ്ഞിരുന്നു. തന്നെ നെഞ്ചോട് ചേര്‍ത്ത വയനാടിന് അവര്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം നന്ദിയും പറഞ്ഞു. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കും. അവിടുത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
പ്രിയങ്ക കൂടിയെത്തുന്നതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള മൂന്ന് പേര് പാര്‍ലമെന്റില്‍ സാന്നിധ്യമാകുകയാണ്. സഹോദരന് രാഹുല്‍ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. ഇന്നത്തെ പാര്‍ലമെന്റ് നടപടികളില്‍ പ്രിയങ്ക ഗാന്ധി ഭാഗമാകും. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാര്‍ലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബര്‍ട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു.