മഹാരാഷ്ട്രാ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം ….!
മുംബൈ/ന്യുഡൽഹി : അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള സസ്‌പെൻസ് തുടരവേ, സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള അന്തിമ ചർച്ചകൾ രാജ്യതലസ്ഥാനത്ത് ഇന്ന് നടക്കും.
മഹാരാഷ്ട്രയുടെ ഇടക്കാല മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഭാരതീയ ജനതാ പാർട്ടി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അജിത് പവാർ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ചനടത്തിയശേഷം മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിമാരേയും പ്രഖ്യാപിക്കും.
താനും ദേവേന്ദ്ര ഫഡ്‌നാവിസും ഏകനാഥ് ഷിൻഡെയും വ്യാഴാഴ്ച ഡൽഹിയിലെത്തുമെന്നും കൂടുതൽ ചർച്ചകൾ നടത്തുമെന്നും അജിത് പവാർ മാധ്യമ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്..മുഖ്യമന്ത്രി സ്ഥാനത്തിനും രണ്ട് ഉപമുഖ്യമന്ത്രിമാർക്കും വേണ്ടിയുള്ള ചർച്ചകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.തൻ്റെ പിൻഗാമിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപിയുടെ തീരുമാനം അനുസരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും ഉറപ്പ് നൽകിയതായി ഏകനാഥ് ഷിൻഡെ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഷിൻഡെ വിനീത വിധേയനായതോടെ , ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനുള്ള വേദി സംസ്ഥാനത്ത് ഒരുങ്ങുകയാണ്.
പക്ഷേ ,ഇത് മാഹാരാഷ്ട്രയാണ് !…അധികാര രാഷ്ട്രീയത്തിൽ തീരുമാനങ്ങൾ മലക്കം മറിയുന്നത് ഇവിടെ ആകസ്മികമായാണ് !