പകർപ്പാവകാശം ലംഘിച്ചു നയൻതാരക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ധനുഷ്
പകർപ്പാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തർക്കവുമായി ബന്ധപ്പെട്ട് നടി നയൻതാരക്കെതിരെ നടൻ ധനുഷ് സിവിൽ അന്യായം ഫയൽ ചെയ്തു. മദ്രാസ് ഹൈക്കോടതിയിൽ ആണ് ധനുഷ് സിവിൽ അന്യായം ഫയൽ ചെയ്തിരിക്കുന്നത്. ധനുഷ് നിർമ്മിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര- വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ധനുഷിന്റെ ‘വണ്ടർ ബാർ ഫിലിംസ്’ ഫയൽ ചെയ്ത ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും നയൻതാരക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ധനുഷ് ആരാധകർക്കു മുമ്പിൽ കാണിക്കുന്ന നിഷ്കളങ്ക മുഖം അല്ല ധനുഷിന്റേത് എന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ് ധനുഷ് എന്നും പത്തുകോടി രൂപയുടെ പകർപ്പാവകാശ നോട്ടീസ് അയച്ച ധനുഷിനെതിരെ സമൂഹമാധ്യമങ്ങളിൽ നയൻതാര കുറിപ്പ് പങ്കുവെച്ചിരുന്നു.
ഇതിനെത്തുടർന്ന് വലിയ വിവാദങ്ങളാണ് പിന്നീട് ഉണ്ടായത്. ധനുഷ് നിർമിച്ച് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേശ്വരനും പ്രണയത്തിലാകുന്നത്. നയൻതാരയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ വിവാഹ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തുന്നതിന് അനുവാദം ചോദിച്ചിരുന്നുവെങ്കിലും ധനുഷിന്റെ നിർമ്മാണക്കമ്പനി ഇത് അനുവദിക്കാതെ ആവശ്യം പരിഗണിക്കുന്നത് മനപ്പൂർവ്വം വൈകിച്ചു എന്നും നയൻതാര കുറ്റപ്പെടുത്തിയിരുന്നു.
ഇന്റർനെറ്റിൽ നിന്നും സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് പകർപ്പാവകാശ ലംഘനം ആണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ ധനുഷ് പത്തുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. സമൂഹമാധ്യമങ്ങളിൽ ധനുഷിനെതിരെ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ വലിയതോതിലുള്ള സൈബർ ആക്രമണമാണ് നടി നയൻതാരക്കെതിരെ ഉണ്ടായത്. നയൻതാരക്ക് പിന്തുണ അറിയിച്ചുകൊണ്ട് നടി ശ്രുതി ഹാസൻ, പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, നസ്രിയ, ഐശ്വര്യ ലക്ഷ്മി എന്നിവരും രംഗത്തുവന്നിരുന്നു.